Wednesday, May 8, 2024
spot_img

പ്രാര്‍ഥനയോടെ അയ്യപ്പഭക്തര്‍; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനഃ പരിശോധന-റിട്ട് ഹർജികൾ സുപ്രീംകോടതി അല്പസമയത്തിനുള്ളിൽ പരിഗണിക്കും

ദില്ലി : ശബരിമലയിലെ ആചാരസംരക്ഷണത്തിന് അനുകൂലമായ കോടതി ഉത്തരവിനായി അയ്യപ്പഭക്തര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ യുവതീപ്രവേശന വിധിക്ക് എതിരായ എല്ലാ പുനഃപരിശോധനാ-റിട്ട് ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കാന്‍ ഇനി നിമിഷങ്ങൾ മാത്രം. ഇന്ന് രാവിലെ 10:30നാണ് കോടതി ഹര്‍ജികള്‍ പരിഗണിക്കുക. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെയുള്ള 55 പുനഃപരിശോധന ഹര്‍ജികള്‍, 4 റിട്ട് ഹര്‍ജികള്‍, 2 പ്രത്യേക അനുമതി ഹര്‍ജികള്‍, 2 ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍ എന്നിവയാണ് കോടതി പരിഗണിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്‍റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഇവയ്ക്ക് പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന സാവകാശ അപേക്ഷയും ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കോടതി അലക്ഷ്യ ഹര്‍ജികള്‍ ഒന്നും ഇന്ന് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ല.

നേരത്തെ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശബരിമല യുവതീപ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

Related Articles

Latest Articles