Friday, May 10, 2024
spot_img

മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണം !സുരേഷ് ഗോപിയെ പിന്തുണച്ച് കലാ സാംസ്കാരിക കേരളം !പിന്തുണയറിയിച്ച് പ്രശസ്ത എഴുത്തുകാരി മഞ്ജു ശ്രീകുമാറും; സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് വൈറലാകുന്നു

മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തത് കഴിഞ്ഞ മണിക്കൂറിലാണ്. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ആരോപണം ഉയർന്നപ്പോൾ തന്നെ കലാ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ സുരേഷ് ഗോപിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇന്ന് വരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്തയാളാണ് സുരേഷ് ഗോപിയെന്നും സഹോദരന്റെ സ്ഥാനത്ത് നിന്നാണ് അദ്ദേഹം സ്ത്രീകളോട് പെരുമാറുന്നതെന്നും ആരോപണത്തിനു പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നുമാണ് എല്ലാവരും പ്രതികരിച്ചത്.

പ്രശസ്ത എഴുത്തുകാരി മഞ്ജു ശ്രീകുമാറും സുരേഷ് ഗോപിക്ക് പിന്തുണയറിയിച്ച് രംഗത്ത് വന്നു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് എഴുത്തുകാരി അദ്ദേഹത്തിനുള്ള പിന്തുണയറിയിച്ചത്. മകളോടൊപ്പം സുരേഷ് ഗോപി നിൽക്കുന്ന ചിത്രവും പോസ്റ്റിൽ അവർ ഉൾപ്പെടുത്തിയിട്ടുണ്ട്

തന്റെ മകളുടെ ആദ്യ നോവൽ നൽകാൻ സുരേഷ്‌ഗോപിയെ കാണാൻ ദുബൈയിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ ചെന്നതും, മോളുടെ ആദ്യ പുസ്തകം ഒരു ഹോട്ടലിന്റെ ലോബിയിൽ വെച്ചല്ല സ്വീകരിക്കേണ്ടതെന്നും മറിച്ച് അതൊരു വേദിയിൽ വെച്ച് സ്വീകരിച്ച് അവളെ ആദരിക്കണമെന്നും പറഞ്ഞ് അതിവിശിഷ്ടമായ ഒരു വേദിയിൽ വെച്ച് ജിതേന്ദ്ര വൈദ്യ ജിതുവിന്റേയും ഗായകൻ ബിജു നാരായണന്റെയും സാന്നിധ്യത്തിൽ ഇന്ത്യൻ കോൺസുലിന് പുസ്തകം കൈമാറിക്കൊണ്ട് പുസ്തകപ്രകാശനം നടത്താൻ അദ്ദേഹം മുൻകൈ എടുത്തതും മഞ്ജു ശ്രീകുമാർ തന്റെ കുറിപ്പിൽ വിശദീകരിക്കുന്നു. യാതൊരു പരിചയവുമില്ലാത്ത ഒരു മോൾക്ക് പോലും കൊടുക്കുന്ന പ്രോത്സാഹനം, പരിഗണന, ആരും പറയാതെ തന്നെ കുട്ടിക്ക് കാൽ തൊട്ട് വന്ദിക്കാൻ തോന്നിക്കുന്ന ചൈതന്യം, ചേർത്ത് പിടിക്കുമ്പോഴുള്ള വാത്സല്യം ഇതൊക്കെ നേരിട്ട് കണ്ടിട്ടുള്ള ഒരമ്മയാണ് താനെന്നും സ്വാർത്ഥതാൽപര്യങ്ങൾക്കായി ആർക്കെതിരെയും എങ്ങനെ വേണമെങ്കിലും ആരോപണം ഉന്നയിച്ച് പ്രതിക്കൂട്ടിൽ നിർത്താനും സമൂഹത്തിൽ മോശമാക്കാനും വളരെ എളുപ്പമായ ഇന്നത്തെ അവസ്ഥയിൽ ഇത്രയും ഒന്ന് കുറിക്കണം എന്ന് തോന്നിയതിനാലാണ് ഇപ്പോൾ ഇക്കാര്യങ്ങൾ കുറിക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

മഞ്ജു ശ്രീകുമാർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

പതിനേഴ് വയസ്സുള്ള ഒരു മകളുടെ അമ്മയാണ് ഞാൻ, ഇരുപത്തിമൂന്ന് വയസ്സുള്ള രണ്ടാണ്മക്കളും ഉണ്ട്. മകളുടെ ആദ്യ നോവൽ ഒന്ന് കൊടുക്കാനാണ് ഞങ്ങൾ ശ്രീ സുരേഷ്‌ഗോപിയെ കാണാൻ ദുബൈയിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ ചെന്നത്. ആ മോളുടെ ആദ്യ പുസ്തകം ഒരു ഹോട്ടലിന്റെ ലോബിയിൽ വെച്ചല്ല സ്വീകരിക്കേണ്ടത്, അതൊരു വേദിയിൽ വെച്ച് സ്വീകരിച്ച് അവളെ ആദരിക്കണം, നാളെ അവൾക്ക് ബുക്കർ പ്രൈസ് കിട്ടില്ലെന്ന് ആരറിഞ്ഞു എന്ന് കൂടെയുള്ളവരോടും പിന്നീട് റേഡിയോയിൽ നടത്തിയ സംഭാഷണത്തിലും അദ്ദേഹം ആവർത്തിച്ചു. അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ വിശിഷ്ടമായ ഒരു വേദിയിൽ വെച്ച് ശ്രീ Jitendra Vaidya Jitu ന്റെയും ഗായകൻ ബിജു നാരായണന്റെയും സാന്നിധ്യത്തിൽ ഇന്ത്യൻ കോൺസുലിന് പുസ്തകം കൈമാറിക്കൊണ്ട് അവളുടെ ആദ്യപുസ്തകപ്രകാശനം അദ്ദേഹം നടത്തി.
ഇത്തവണ രണ്ടാമത്തെ നോവലുമായി അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴുള്ള പ്രതികരണം നിന്റെ പുസ്‌തകങ്ങൾ വെക്കാൻ ഞാൻ വീട്ടിൽ ഷെൽഫ് പണിയേണ്ടി വരുമല്ലോ എന്നായിരുന്നു.
യാതൊരു പരിചയവുമില്ലാത്ത ഒരു മോൾക്ക് പോലും കൊടുക്കുന്ന പ്രോത്സാഹനം, പരിഗണന, ആരും പറയാതെ തന്നെ കുട്ടിക്ക് കാൽ തൊട്ട് വന്ദിക്കാൻ തോന്നിക്കുന്ന ചൈതന്യം, ചേർത്ത് പിടിക്കുമ്പോഴുള്ള വാത്സല്യം ഇതൊക്കെ നേരിട്ട് കണ്ടിട്ടുള്ള ഒരമ്മയാണ് ഞാൻ.
സ്വാർത്ഥതാൽപര്യങ്ങൾക്കായി ആർക്കെതിരെയും എങ്ങനെ വേണമെങ്കിലും ആരോപണം ഉന്നയിച്ച് പ്രതിക്കൂട്ടിൽ നിർത്താനും സമൂഹത്തിൽ മോശമാക്കാനും വളരെ എളുപ്പമായ ഇന്നത്തെ അവസ്ഥയിൽ ഇത്രയും ഒന്ന് കുറിക്കണം എന്ന് തോന്നി. ഏതൊരാളും ഒന്ന് സൂക്ഷിച്ചിരിക്കുന്നതും നല്ലതാണ്, ആരൊക്കെ എന്തൊക്കെ ആരോപണങ്ങളാണ് നാളെ നമുക്കൊക്കെ എതിരെ ഉയർത്തുക എന്നറിയില്ലല്ലോ.
അശ്വിൻ എന്ന സുഹൃത്തിന്റെ വാക്കുകൾ കടമെടുക്കുകയാണ്- “വാക്ക് അഗ്നിയാണ്!സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ, അണയാത്ത വിധം ആളിക്കത്തും🔥”

Related Articles

Latest Articles