Friday, May 10, 2024
spot_img

ചങ്കിലെ ചൈന ചതിച്ചു; കടക്കെണിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക

കൊളംബോ: സാമ്പത്തികമായി കൂപ്പുകുത്തിയിരിക്കുകയാണ് ശ്രീലങ്ക (Economic Crisis In Sri Lanka). കൊടിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രശ്നം ഗുരുതരമായ സാഹചര്യത്തിൽ ചൈനയുടെ സാമ്പത്തിക വ്യാപാര കെണിയിൽ പെട്ട ശ്രീലങ്ക ആഭ്യന്തര തലത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. സുപ്രധാന വകുപ്പുതല മന്ത്രിമാരെ പുറത്താക്കികൊണ്ടാണ് പ്രസിഡന്റ് രജപക്‌സെയുടെ നീക്കം.

രാജ്യത്തെ സാമ്പത്തിക അവസ്ഥ ധനമന്ത്രാലയം വഷളാക്കിയെന്നും കൃഷി വകുപ്പ് അഴിമതിയിൽ മുങ്ങിക്കുളിച്ചെന്നുമാണ് കണ്ടെത്തൽ. ഇനിയും നിരവധി പേർക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചന.
തന്റെ ശക്തരായ വക്താക്കളായ നേതാക്കളെയാണ് ഗോതാബയ രജപക്‌സെ (Gotabaya Rajapaksa) പുറത്താക്കിയത്. രണ്ടാഴ്ച മുന്നേ കാർഷിക മേഖലയിലെ ക്രമക്കേടിന്റെ പേരിൽ കൃഷി വകുപ്പ് സെക്രട്ടറിയെ പുറത്താക്കിയിരുന്നു. ഭക്ഷ്യക്ഷാമത്തിന് കാരണമായ കെടുകാര്യസ്ഥതയാണ് കണ്ടെത്തിയത്. വകുപ്പുതല മന്ത്രിയെ അടക്കം പുറത്താക്കിയതിൽ പാർട്ടികളുടെ അകത്ത് വലിയ വിമർശനമാണ് ഉയരുന്നത്.

എന്നാൽ ആരും തങ്ങളുടെ എതിർപ്പ് തുറന്നുപറഞ്ഞിട്ടില്ല. രാജ്യത്തെ എല്ലാ രംഗവും കുത്തഴിഞ്ഞെന്നാണ് റിപ്പോർട്ട്. എല്ലാ നിയന്ത്രണങ്ങളും കൈവിട്ടുപോകുമെന്നതിനാലുമാണ് ആരും പ്രതികരിക്കാത്തത്. അന്താരാഷ്‌ട്രതലത്തിൽ കടം വാങ്ങിയ പണം തിരികെ നൽകാനാകാത്തവിധമാണ് സിംഹള ദ്വീപിന്റെ സമ്പദ്ഘടന തകർന്നത്. കോവിഡ് പ്രതിരോധവും ഭക്ഷ്യ ശൃംഖലയും താളംതെറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. വരുന്ന 12 മാസത്തിനകം 800കോടി ഡോളറിനടുത്താണ് ഉടൻ കൊടുത്തുതീർക്കേണ്ട കടം. ഇതിൽ 50കോടിയോളം സ്വർണ്ണവുമായി ബന്ധപ്പെട്ട കടമാണ്. ആകെ വിദേശ കറൻസി സമ്പാദ്യമായി കയ്യിലുള്ളത് 100 കോടി മാത്രമാണ്.

Related Articles

Latest Articles