Saturday, April 27, 2024
spot_img

ക്ഷേത്ര സമീപത്ത് സ്ഫോടനം നടന്ന സംഭവം; ഡിഎംകെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ

കോയമ്പത്തൂർ: ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഓടുന്ന കാറിനുള്ളിൽ നടന്ന സ്ഫോടനത്തിൽ ഡിഎംകെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ . സ്ഫോടനത്തെ ‘ഐസിസ് ബന്ധമുള്ള ഭീകരപ്രവര്‍ത്തനം’ എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങള്‍ക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്‌ഫോടനം നടന്നത്. ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിൽ മരിച്ച യുവാവിനെ മുമ്പ് എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

‘കോയമ്പത്തൂരിലേത് വെറുമൊരു ‘സിലിണ്ടര്‍ സ്ഫോടനം’ അല്ല.’ഐസിസ് ബന്ധങ്ങളുള്ള വ്യക്തമായ ഒരു ഭീകരപ്രവര്‍ത്തനമാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി ഇത് തുറന്നുപറയുകയും അംഗീകരിക്കുകയും ചെയ്യുമോ? തമിഴ്‌നാട് സര്‍ക്കാര്‍ ഈ വിവരം മറച്ചുവെക്കുകയാണോ? ഇപ്പോള്‍ 12 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. ഇത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഡിഎംകെ സര്‍ക്കാരിന്റെയും വ്യക്തമായ പരാജയമല്ലേ?’-കെ അണ്ണാമലൈ പറഞ്ഞു.

Related Articles

Latest Articles