Sunday, September 20, 2026

ആനകളെ പീഡിപ്പിച്ചും മനുഷ്യജീവൻ പണയം വെച്ചും നടത്തുന്ന ആഘോഷങ്ങൾ ഈ കാലഘട്ടത്തിൽ ആവശ്യമുണ്ടോ ?? ഉത്സവങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും പുനർവിചിന്തനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഉത്സവങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും പുനർവിചിന്തനം ചെയ്യപ്പെടേണ്ടതുണ്ടെന്ന ശക്തമായ നിലപാടുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.​​തൃശൂരിലെ പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ 15 പേർ മരിച്ച സംഭവത്തെ “വെറുതെ പൊലിഞ്ഞ ജീവനുകൾ” എന്നാണ് ശ്രീലേഖ വിശേഷിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഉദ്യോഗസ്ഥരുടെ കൃത്യമായ മേൽനോട്ടമില്ലാതെയും പ്രവർത്തിക്കുന്ന ഇത്തരം നിർമ്മാണശാലകൾക്കെതിരെ അവർ രൂക്ഷവിമർശനം ഉന്നയിച്ചു.

പടക്ക നിർമ്മാണശാലകളുടെ പ്രവർത്തനത്തെക്കുറിച്ച് പോലീസിനോ ഫയർ ഫോഴ്സിനോ കൃത്യമായ അറിവുണ്ടോ എന്നും സുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ടോ എന്നും ,ആനകളെ പീഡിപ്പിച്ചും മനുഷ്യജീവൻ പണയം വെച്ചും നടത്തുന്ന ഇത്തരം ആഘോഷങ്ങൾ ഈ കാലഘട്ടത്തിൽ ആവശ്യമുണ്ടോ എന്നും ചിന്തിക്കണം.​ക്ഷേത്രങ്ങളിൽ പൂജകൾക്കും ഭക്തദർശനത്തിനുമാണ് മുൻഗണന നൽകേണ്ടത്. മനുഷ്യനും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമായ വെടിക്കെട്ടും ആഡംബരങ്ങളും ഒഴിവാക്കിക്കൂടെ എന്ന് ശ്രീലേഖ ചോദിക്കുന്നു.

​അപകടത്തെത്തുടർന്ന് ഇത്തവണ തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നടത്തില്ലെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ അറിയിച്ചു.ആഘോഷങ്ങളും ആഡംബരങ്ങളും ഒഴിവാക്കി സർക്കാർ നിർദ്ദേശപ്രകാരമായിരിക്കും എഴുന്നള്ളിപ്പ് നടത്തുക.​എക്സ്പ്ലോസീവ്, ഫോറൻസിക് വിഭാഗങ്ങളുടെ പരിശോധനകൾ നടക്കുകയാണെന്നും അതിനോട് പൂർണ്ണമായി സഹകരിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് പാറമേക്കാവ് ദേവസ്വവും അറിയിച്ചിട്ടുണ്ട്.

മനുഷ്യജീവനും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ഉത്സവങ്ങളുടെ രീതികളിൽ മാറ്റം വരുത്തണമെന്ന ചർച്ചകൾക്ക് മുണ്ടത്തിക്കോട് അപകടം വീണ്ടും വഴിവെച്ചിരിക്കുകയാണ്.

Related Articles

Latest Articles