Sunday, May 5, 2024
spot_img

‘ഭീകരരെ ഇനി പറന്നാക്രമിക്കും’; അതിർത്തിയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സൈന്യം; പ്രത്യാക്രമണ ശേഷിയുള്ള 100 ഡ്രോണുകൾ വാങ്ങും

ദില്ലി: അതിർത്തിയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കി സൈന്യം. പ്രത്യാക്രമണ ശേഷിയുള്ള 100 ഡ്രോണുകൾ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിലെ നിരീക്ഷണത്തിനായി ഡ്രോണുകളാണ് വാങ്ങുന്നത്.

അതേസമയം തുടരെത്തുടരെ ഭീകരർ ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം എടുത്തത്. രണ്ടു ഘട്ടങ്ങളായി 50 ഡ്രോണുകൾ വീതമായിരിക്കും വാങ്ങുന്നത്. ആയുധങ്ങൾ വഹിക്കാവുന്ന ഡ്രോണുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരേയും ഭീകരരേയും ആക്രമിക്കാനാകും.

25 കിലോമീറ്റർ ദൂരപരിധിയിലുള്ള ഏത് ലക്ഷ്യസ്ഥാനവും തകർക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് സൈന്യം വാങ്ങുന്നത്. ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തദ്ദേശീയ ഡ്രോണുകളാണ് കരസേന വാങ്ങുവാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ചു മുതൽ പത്ത് കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാനാകുന്ന ഡ്രോണുകളാണ് ഉപയോഗിക്കുക. ഇതേ ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തിയിലേക്ക് മരുന്നുകളും സൈന്യത്തിനുള്ള അവശ്യസാധനങ്ങളും എത്തിക്കാനാകുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ രാജ്യത്തെ നാവികസേനയ്ക്കും, വ്യോമസേനക്കും (ഐഎഎഫ്) പുറമെ, മറ്റ് സുരക്ഷാ ഏജൻസികളും കാലതാമസം കൂടാതെ തദ്ദേശീയ ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾ ഉടനടി ലഭ്യമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡ്രോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നവ ഉൾപ്പെടെ അതിർത്തി കടന്ന് അനധികൃതമായി എത്തുന്ന ഡ്രോണുകൾ പൂർണമായും തകർക്കാൻ കഴിയുന്ന പ്രഹരശേഷിയുള്ള ഉപകരണങ്ങൾ വരെ വാങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വ്യോമസേന ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾക്കും, സാങ്കേതിക വിദ്യക്കുമായി 155 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടതായാണ് സൂചന. ഹൈദരാബാദ് ആസ്‌ഥാനമായുള്ള സെൻ ടെക്നോളജീസാണ് കരാർ ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ ഉപകരണങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും നൽകാനാണ് കരാറിൽ പറഞ്ഞിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles