Wednesday, May 8, 2024
spot_img

പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്നെടുത്തിട്ട് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ചു; സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കുന്ന ഹ്യുണ്ടായി അനസ് അറസ്റ്റിൽ

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ കവർന്നെടുക്കുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ടൗൺ അസി. കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് പിടികൂടിയത്. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യുണ്ടായി അനസ് (അനസ്) ആണ് പിടിയിലായത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിലായിരുന്നു അറസ്റ്റ്. സ്ത്രീകളുടെയും കുട്ടികളുടെയും മേലുള്ള ആഭരണങ്ങളാണ് ഇയാൾ മോഷ്ടിക്കാറുള്ളത്.

പ്രതി കഴിഞ്ഞ ആഴ്ച എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതോടെ വീണ്ടും പൊലീസിന്റെ നോട്ടപ്പുള്ളിയായി. മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിൻ്റെ കൈചെ‌യിൻ മോഷ്ടിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതി കുറ്റസമ്മതം നടത്തി.

വർഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് വഴിവെച്ചത്. മോഷ്ടിച്ച സ്വർണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്. ആഭരണങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോണും മോഷ്ടിക്കുന്ന പ്രതി, ഫോൺ വഴിയിലുപേക്ഷിക്കുകയോ ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചു വെക്കുകയോ ചെയ്യും. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇദ്ദേഹം. കക്കോടി കൂടത്തും പൊയിലിൽ വാടക വീടെടുത്ത് രഹസ്യമായി താമസിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് അയൽവാസികൾക്ക് പോലും അറിവുണ്ടായിരുന്നില്ല.

Related Articles

Latest Articles