തിരുവനന്തപുരം :മാതാപിതാക്കളെ പെരുവഴിയിൽ ഉപേക്ഷിക്കുന്ന വാർത്തകൾ നിരവധിയാണ് വരുന്നത്.അത്തരത്തിൽ വിവിധയിടങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിച്ച് ആശുപത്രികളിലും ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും വർദ്ധിച്ച് വരികയാണ്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത്തരത്തില്‍ 42 ആളുകളാണ് ആരോരുമില്ലാതെ കഴിയുന്നത്.വിരമിച്ച സര്‍ക്കാര്‍ ജീവനക്കാർ മുതൽ കൂലിത്തൊഴിലാളികൾ വരെയും ഈ കൂട്ടത്തിലുണ്ട്.ഇവരുടെ കഥകൾ കണ്ണീരണിയിപ്പിക്കുമ്പോൾ ഇവര്‍ക്ക് അഭയം നല്‍കാമോ എന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ആശ്രയ.
മെഡിക്കല്‍ കോളജില്‍ അനാഥരായി ഉപേക്ഷിക്കപ്പെട്ടവരില്‍ 18 പേരെ ആശ്രയ ഏറ്റെടുക്കുമെന്ന് ഡയറക്ടര്‍ കലയപുരം ജോസ് വ്യക്തമാക്കി. ’28 വര്‍ഷമായി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ സ്ഥാപനമാണ് ആശ്രയ. തെരുവില്‍ അലയുന്നവരും അനാഥരുമായ രണ്ടായിരത്തോളം ആളുകളെ എട്ട് കേന്ദ്രങ്ങളിലായാണ് ആശ്രയ സംരക്ഷിച്ചുവരുന്നത്. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

