Friday, April 19, 2024
spot_img

ഇന്ന് ശ്രീകൃഷ്‌ണജയന്തി; തെരുവീഥികളെ ഗോകുലങ്ങളാക്കി പീലിക്കിരീടവും ഓടക്കുഴലും, മഞ്ഞത്തുകിലും, പാൽവെണ്ണപുഞ്ചിരിയും ചേർന്ന അമ്പാടിക്കണ്ണന്മാർ കയ്യടക്കുന്ന നയനാനന്ദകരമായ കാഴ്ചകൾക്കായി ഒരുങ്ങി നാടും നഗരവും; ‘സ്വത്വം വീണ്ടെടുക്കാം ധർമ്മാചരണത്തിലൂടെ’ എന്ന സന്ദേശവുമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 10000 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്‌ണജയന്തി. കേരളത്തിൽ ഈ ദിവസം ബാലദിനമായി ആഘോഷിക്കുന്നു. സഫലമായ ബാല്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഉള്ളിൽ തെളിയുന്നത് അമ്പാടിക്കണ്ണൻറെ രൂപമാണ്. പീലിക്കിരീടവും ഓടക്കുഴലും, മഞ്ഞത്തുകിലും, പാൽവെണ്ണപുഞ്ചിരിയും ചേർന്ന ആ കോമളബാലനാണ് നമ്മുടെ ആദർശം. ഓരോ കുഞ്ഞും കാണാനായി വളരണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നുണ്ടാകാം. വർഷംതോറുമുള്ള ശോഭായാത്രയിലൂടെ ആ സ്വപ്നം വീണ്ടും തളിരണിയുകയാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ബാലലീലകൾ നമുക്ക് നല്ല ജീവിതപാഠങ്ങൾ നൽകുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കാനും പ്രകൃതിയെ ശുദ്ധമാക്കി നിലനിർത്താനും വൃന്ദാവന കഥകൾ പ്രേരണയാകുന്നു. ഭയാനകമായ പ്രതിസന്ധികളെ ലളിതമായി അതിജീവിക്കാമെന്ന് ആ ദിവ്യകഥകൾ നമ്മെ പഠിപ്പിക്കുന്നു. പരസ്പരം സ്നേഹിച്ചും സഹായിച്ചും ഈ ഭൂമിയിൽ സ്വർഗ്ഗ സുന്ദരമായ ജീവിതം രൂപപ്പെടുത്താമെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ മാനവരാശിക്ക് കാട്ടിത്തന്നിട്ടുണ്ട്. എല്ലാ വിഷാദങ്ങൾക്കുമുള്ള മരുന്നാണ് ഭഗവാൻ ലോകത്തിനു സമ്മാനിച്ച ഭഗവത്‌ഗീത. ഗീത പഠിച്ചു വളരുന്നവർ നാടിനും വീടിനും വെളിച്ചമേകും

മഹാമാരിയുടെ ഭീതിയൊഴിഞ്ഞ് നിയന്ത്രണങ്ങളില്ലാതെയാകും ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടക്കുക. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിൽ ഇന്ന് ശോഭായാത്രകൾ നടക്കും. തിരുവനന്തപുരത്തെ മഹാശോഭായാത്ര ഇന്ന് വൈകുന്നേരം 4 മണിക്ക് പാളയത്ത് നിന്നാരംഭിക്കും. നഗരത്തിന്റെ 10 കേന്ദ്രങ്ങളിൽ നിന്നെത്തുന്ന ശോഭായാത്രകൾ പാളയം ശ്രീ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ സംഗമിച്ച് മഹാശോഭായാത്രയായി കിഴക്കേക്കോട്ടയിലേക്ക് തിരിക്കും. മഹാ ശോഭായാത്ര പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന പ്രസിഡൻറ് ആർ. പ്രസന്നകുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകും. മഹാശോഭായാത്ര എം ജി റോഡ് വഴി പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലൂടെ പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. ‘സ്വത്വം വീണ്ടെടുക്കാം ധർമ്മാചരണത്തിലൂടെ’ എന്നതാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഈ വർഷം നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ സന്ദേശം.

അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ പ്രത്യേക പൂജയും വഴിപാടുകളുംനടക്കുന്നു. തിരക്ക് കുറയ്ക്കുന്നതിന് ദർശന ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല. കുഞ്ഞുങ്ങൾക്ക് ചോറൂൺ വഴിപാട് നടത്താം. എന്നാൽ ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം ഉണ്ടാകില്ല. മുപ്പതിനായിരം പേർക്ക് ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും നൽകും. അതേസമയം ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന മോഴ ആന ഇന്ന് ശിരസിലേറ്റും. കേരളത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വൻ ഭക്തജന സാന്നിധ്യത്തിൽ വിശേഷാൽ ചടങ്ങുകൾ നടക്കുന്നു.

Related Articles

Latest Articles