Saturday, May 4, 2024
spot_img

ഏഷ്യൻ ഗെയിംസിന് കൊടിയേറി !പ്രതീക്ഷയോടെ ഭാരതം ; ഉദ്ഘാടനച്ചടങ്ങില്‍ ത്രിവർണ്ണ പതാകയേന്തി ലവ്‌ലിനയും ഹർമൻപ്രീതും

ഹാങ്ചൗ : 2023 ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ സമാരംഭം. ഉദ്ഘാടനച്ചടങ്ങില്‍ ഭാരതത്തിനായി ഹോക്കി പുരുഷ ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും ഭാരതത്തിന്റെ ത്രിവർണ്ണ പതാകയേന്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാന്നിധ്യത്തില്‍ ബിഗ് ലോട്ടസ് ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഇതോടെ 19-ാം ഏഷ്യന്‍ ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ചു.

ഒക്ടോബര്‍ എട്ടുവരെ നീണ്ടു നിൽക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇതില്‍ 39 ഇനങ്ങളിലും ഭാരതം മത്സരിക്കുന്നുണ്ട്. 655 അംഗങ്ങളാണ് ഭാരതത്തിന്റെ ടീമിലുള്ളത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഭാരതത്തിന്റെ ഏറ്റവും വലിയ സംഘമാണിത്. ഇത്തവണ 100 മെഡലുകളെന്ന ലക്ഷ്യവുമായാണ് രാജ്യം ഇറങ്ങുന്നത്. ജക്കാർത്തയിൽ 8 സ്വർണമടക്കം 20 മെഡലുകൾ നേടിത്തന്ന അത്ലറ്റിക്‌സിലാണ് ഇത്തവണയും പ്രധാന പ്രതീക്ഷ. 68 താരങ്ങളാണ് അത്ലറ്റിക്‌സ് സംഘത്തിലുള്ളത്. ഗുസ്തി, ഷൂട്ടിങ്, ബോക്‌സിങ് എന്നിവയാണ് ഇന്ത്യ കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്ന മറ്റിനങ്ങൾ. 2018 ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകളാണ് ഭാരതം നേടിയത്.

വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

Related Articles

Latest Articles