Saturday, April 27, 2024
spot_img

അഫ്ഗാനിൽ ചൈനക്കാർക്കും രക്ഷയില്ല!!
നയതന്ത്രജ്ഞർ താമസിക്കുന്ന ഹോട്ടലിന് നേർക്ക്
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം; 18 പേർക്ക് പരിക്കേറ്റു
ഏറ്റുമുട്ടി ഐസിസ് ഭീകരരും താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥരും

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹോട്ടലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം. തിങ്കളാഴ്ചയായിരുന്നു കാബൂളിലുള്ള ഹോട്ടലിന് നേരെ വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്.

ചൈനീസ് പൗരന്മാരും നയതന്ത്രജ്ഞരും വിദേശികളായ വ്യവസായികളും സ്ഥിരമായി താമസിക്കുന്ന കാബൂളിലെ ഹോട്ടലിന് നേർക്കായിരുന്നു ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണം. ഹോട്ടൽ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയായ ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നു. ആദ്യം ഗ്രനേഡ് ആക്രമണം നടത്തി പിന്നീട് തോക്കുധാരികളായ മൂന്ന് പേർ ചേർന്ന് അതിഥികളെ വെടിയുതിർക്കുകയുമായിരുന്നു.

ചൈനീസ് പൗരന്മാർ കൂട്ടമായിരുന്ന സ്ഥലത്തും റിസപ്ഷൻ ഹാളിലുമായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഭീകരർ സ്‌ഫോടക വസ്തുക്കൾ ബാഗിൽ ഒളിപ്പിച്ച് ഹോട്ടലിന് അകത്തേക്ക് കടക്കുകയായിരുന്നു . ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി തടയാൻ ശ്രമിച്ച താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഐഎസ് ഭീകരർ ഹാൻഡ് ഗ്രനേഡ് എറിഞ്ഞു. ഇതിന് ശേഷമാണ് ഹോട്ടലിലെ അതിഥികൾക്ക് നേരെ ആക്രമണമുണ്ടായത്.

ഭീകരാക്രമണത്തിൽ വിദേശികളായ രണ്ട് അതിഥികൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട് . ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് ചാടിയതാണ് ഇവർക്ക് പരിക്കേൽക്കാനിടയായത് . വിവിധ തരത്തിൽ പരിക്കേറ്റ 18 പേർ കാബൂളിലെ എമർജൻസി ഹോസ്പിറ്റലിൽ ചികിത്സ തേടിയിട്ടുണ്ട്.

അതേസമയം ഹോട്ടലിൽ ഭീകരാക്രമണം നടത്തിയ തോക്കുധാരികളായ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുവീഴ്‌ത്തി. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. കാബൂളിലെ ഷഹർ-ഇ-നൗ മേഖലയിൽ സ്ഥിതി ചെയ്യുന്ന ലോംഗാൻ ഹോട്ടലിന് നേർക്കാണ് ഭീകരാക്രമണം സംഭവിച്ചതെന്ന് പിന്നീട് താലിബാൻ സ്ഥിരീകരിച്ചിരുന്നു.

അഫ്ഗാനിലെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുമായി ചൈനീസ് അംബാസിഡർ കൂടിക്കാഴ്ച നടത്തിയ് കഴിഞ്ഞ ദിവസമായിരുന്നു. ചൈനീസ് എംബസിക്ക് കൂടുതൽ സുരക്ഷ വേണമെന്ന് അംബാസിഡർ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചൈനീസ് നയതന്ത്രജ്ഞരുടെ സ്ഥിരം താമസസ്ഥലമായ ഹോട്ടലിന് നേർക്ക് ഐഎസിന്റെ ഭീകരാക്രമണമുണ്ടായത്.

Related Articles

Latest Articles