ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈടിവി, ഈനാട് അടക്കമുള്ള വൻകിട മാദ്ധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിർമ്മാതാവ്, പത്രപ്രവർത്തകൻ, മാദ്ധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ്.
തെലുങ്ക് സിനിമയിൽ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016 ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ് അദ്ദേഹം.

