Sunday, June 2, 2024
spot_img

ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച്‌ പണം തട്ടിയ കേസ്; പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ പ്രതിയും ഭാര്യയും ചേര്‍ന്നു മര്‍ദിച്ചു

കറുകച്ചാല്‍: ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച്‌ പണം തട്ടിയ കേസിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേര്‍ന്നു മര്‍ദിച്ചു. സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു, ഭാര്യ മഞ്ജു എന്നിവരെ അറസ്റ്റ് ചെയ്തു.

കങ്ങഴ മുണ്ടത്താനത്ത് ഓട്ടോഡ്രൈവറെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച ശേഷം പണമടങ്ങിയ പഴ്സ് തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് ബിജുവും ഭാര്യ മഞ്ജുവും ചേര്‍ന്നു മര്‍ദിച്ചത്. രാത്രി 9.30ന് കറുകച്ചാല്‍ പോലീസ് ബിജുവിന്റെ വീട്ടിലെത്തി. പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച ബിജുവിനെ പിടിക്കുന്നതിനിടയിൽ സിപിഒ വിനീത്.ആര്‍.നായരുടെ കയ്യില്‍ ബിജു കടിച്ചു. മറ്റുള്ള പോലീസുകാര്‍ ചേര്‍ന്ന് ബിജുവിനെ കീഴടക്കിയെങ്കിലും പട്ടികക്കഷ്ണവുമായെത്തിയ മഞ്ജു, സിപിഒമാരായ പി.ടി.ബിജുലാല്‍, ബിബിന്‍ ബാലചന്ദ്രന്‍ എന്നിവരെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ കറുകച്ചാല്‍ സ്റ്റേഷനിലെ 3 പോലീസുകാര്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 8.30ന് മുണ്ടത്താനത്തിനു സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തു നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രസാദിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റില്‍ നിന്ന് 5,000 രൂപയടങ്ങിയ പഴ്സ് തട്ടിയെടുക്കുകയുമായിരുന്നു. കാലിനു പരുക്കേറ്റ പ്രസാദ് വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ച ശേഷം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കടന്നുകളയാന്‍ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനു മഞ്ജുവിനെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles