Friday, April 26, 2024
spot_img

“കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം”; ദൃഷ്ടി നേത്ര സംരക്ഷണ പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്

തൃശ്ശൂർ: കുട്ടികളുടെ നേത്ര സംരക്ഷണത്തിനായി ആവിഷ്കരിച്ച ദൃഷ്ടി പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം ഇന്ന്. കട്ടിലപൂവം ജി.എച്ച്.എസ്.എസ് സ്കൂളിൽ റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്‌ഘാടനം. ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. “കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം” എന്ന കാഴ്ചപ്പാടിൽ 2012-13 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്.

കുട്ടികളിലെ കാഴ്ചത്തകരാറുകൾ പരിഹരിച്ച് കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് ദൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നത്. കാഴ്ച വർദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സമഗ്ര ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും പദ്ധതി സഹായകമാകുന്നു . രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലും ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രിയിലും ദൃഷ്ടി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മദനമോഹൻ, ദൃഷ്ടി പദ്ധതി സംസ്ഥാന കൺവീനർ ഡോ.നേത്രദാസ് പി കെ, ജില്ലാ ഭാരതീയ ചികിത്സ വകുപ്പ് ഡിഎംഒ ഡോ.പി ആർ സലജകുമാരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

Related Articles

Latest Articles