Tuesday, April 23, 2024
spot_img

ജലനിരപ്പ് ഉയരുന്നു; നാളെ ബാണാസുരസാഗർ അണക്കെട്ട് തുറക്കും; ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് അറിയിപ്പ്

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ട് നാളെ രാവിലെ 8 മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 10 സെന്‍റിമീറ്റര്‍ തുറക്കാനാണ് തീരുമാനം. സെക്കന്‍റില്‍ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കന്‍റില്‍ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്. നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നു.

ഇടമലയാർ ഡാം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മറ്റന്നാള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് രാത്രി 11 മണിയോടെ റെഡ് അലർട്ട് പുറപ്പെടുവിക്കും. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്ന് വിടുക. ഡാം തുറന്നാൽ വെള്ളം ആദ്യം ഒഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്‍റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്.

പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിനൊപ്പം ഇടമലയാര്‍ ഡാമുകൂടി തുറക്കുന്നതോടെ രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Latest Articles