Sunday, May 5, 2024
spot_img

പശ്ചിമ ബംഗാളിലെ പ്രചാരണം വെട്ടിക്കുറച്ചു: അസാധാരണ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: പശ്ചിമ ബംഗാളില്‍ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മെയ് 19ന് നടക്കാനിരിക്കെ ഒമ്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഇങ്ങനെയൊരു നടപടിക്ക് മുതിർന്നത്.

19-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും നാളെ രാത്രി 10 മണിയോടെ എല്ലാ സ്ഥാനാര്‍ഥികളുടേയും പ്രചാരണം അവസാനിപ്പിക്കാനാണ് കമ്മീഷന്റെ ഉത്തരവ്. വെള്ളിയാഴ്ചയാണ് പരസ്യ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആർട്ടിക്കിൾ 324 ഉപയോഗിച്ച് പരസ്യ പ്രചാരണത്തിന് നിയന്ത്രണം കൊണ്ടുവരികയായിരുന്നു. രാജ്യത്ത് ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്.

പ്രചാരണ നിയന്ത്രണത്തിനൊപ്പം പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെയും പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറലിലെയും തൽസ്ഥാനങ്ങളിൽനിന്ന് നീക്കി. ആഭ്യന്തര സെക്രട്ടറിയുടെ പകരം ചുമതല ചീഫ് സെക്രട്ടറിക്ക് നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിനാണ് നടപടിയെന്ന് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.

അതേസമയം വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് കടുത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തി അക്രമികളെ കണ്ടെത്തുമെന്ന് കരുതുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.

Related Articles

Latest Articles