Saturday, April 20, 2024
spot_img

ശാരദാ ചിട്ടി തട്ടിപ്പ് കേസ് : കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്‌യാൻ സിബിഐയുടെ അഞ്ചംഗ ടീം

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്‌യാൻ സിബിഐയുടെ അഞ്ചംഗ ടീം രൂപീകരിച്ചു. രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരായി ചോദ്യം ചെയ്‌യലിനായി വിധേയനാകണം എന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ടീമിന്റെ രൂപീകരണം. ഡിസിപി റാങ്കിലുള്ള തഥാഗത ബര്‍ദനാണ് ടീമിന്റെ നേതൃത്വം. നഷ്ടപ്പെട്ട തെളിവുകളും രേഖകളും സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്‌യുക.

കേസിലെ മുഖ്യസൂത്രധാരന്‍ സുധീപ്താ സെന്‍ വിശ്വസ്തനായ അമ്രിന്‍ ആരയ്ക്ക് കൈമാറിയ പെന്‍ഡ്രൈവിനായി സിബിഐ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇയാള്‍ പെന്‍ഡ്രൈവ് അന്വേഷണ ചുമതലയുണ്ടായിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായാണ് സൂചന. 2010 മുതല്‍ 2013 വരെയുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ പെന്‍ഡ്രൈവാണിത്.

ചില തെളിവുകള്‍ ഇപ്പോഴും രാജീവ് കുമാറിന്റെ കൈയിലുണ്ടെന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും രാജീവ് കുമാറിനോട് ചോദിക്കും.ചില ഫോണ്‍ കോള്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ചും രാജീവ് കുമാറിനോട് സിബിഐ ചോദിച്ചറിയും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് തങ്ങള്‍ക്ക് രാജീവ് കുമാർ കൈമാറിയ ഫോണ്‍ രേഖകള്‍ കെട്ടിച്ചമച്ചതും കൃത്രിമവുമാണെന്ന് സിബിഐ സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു.

Related Articles

Latest Articles