Saturday, April 27, 2024
spot_img

ബെംഗളൂരു കഫേ സ്ഫോടനം; പ്രതികൾക്കായി ചെന്നൈയിലെ മൂന്ന് ഇടങ്ങളിൽ എൻഐഎ പരിശോധന

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ മൂന്ന് ഇടങ്ങളിൽ പരിശോധനയുമായി എൻഐഎ. കേസുമായി ബന്ധമുള്ള രണ്ട് പ്രതികൾ ചെന്നൈയിൽ താമസിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മൂന്നിടങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. ഈ മാസം ഒന്നാം തീയതിയാണ് ബെംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.

കേസിലെ പ്രധാന പ്രതിയെ തിരിച്ചറിയാനായിട്ടുണ്ടെങ്കിലും ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. കർണാടകയിലെ ശിവമോഗ സ്വദേശിയായ മുസാവിർ ഹുസൈൻ ഷാസിബ് ആണ് പ്രധാന പ്രതിയെന്ന് എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊപ്പിയും മുഖംമൂടിയും ധരിച്ചാണ് പ്രതികൾ സംഭവ സ്ഥലത്തെത്തിയത്. 1000ത്തോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ഐഎസുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ആക്രമണവുമായി നേരിട്ട് ബന്ധമുള്ള 11 പേർ തീർത്ഥഹള്ളിയിൽ തന്നെ തുടർന്നു വരികയായിരുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles