Friday, May 3, 2024
spot_img

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾ! പുതു ചരിത്രം കുറിച്ച് ബിജെപി ; രാജസ്ഥാനിൽ ഭജൻലാൽ ശർമ മുഖ്യമന്ത്രി

രാജസ്ഥാനിലും അപ്രതീക്ഷിത നീക്കം നടത്തി ബിജെപി ദേശീയ നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏവരും സാധ്യത കൽപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും പിന്തള്ളി സാംഗനേറിൽനിന്നുള്ള എംഎൽഎയായ ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവാണ് ഭജൻലാൽ ശർമ. ദിയാകുമാരി, പ്രേം ചന്ദ് ബൈർവ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. ഇതോടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും പുതുമുഖങ്ങളാണ് മുഖ്യമന്ത്രി പദവിയിലെത്തിയത്.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി എംഎൽഎമാർ ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. നിരീക്ഷകനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരും പങ്കെടുത്തു. നേതാക്കൾ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തിയാണു ഭജൻലാൽ ശർമയിലേക്ക് എത്തിയത്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിൽ ഉണ്ടായിരുന്നത്. 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയാണു കോൺഗ്രസിൽനിന്നു ഭരണം തിരികെ പിടിച്ചത്.

Related Articles

Latest Articles