കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആയ ബിജോയ് നന്ദൻ പുതിയ കണ്ണൂർ വി സി. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഗവർണറുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകുന്നത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും. നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച കോടതി, ബാഹ്യശക്തി സമ്മർദം ചെലുത്തുമ്പോൾ റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കരുതെന്നും വ്യക്തമാക്കിയിരുന്നു.
വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മർദമുണ്ടായി എന്നതുൾപ്പെടെ നിരീക്ഷിച്ചുകൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണങ്ങൾ. ആയതിനാൽ ഡോ. രവീന്ദ്രൻ ഗോപിനാഥന് പുനർനിയമനം നൽകിയ നടപടി നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നാല് പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനത്തിൽ യുജിസി ചട്ടങ്ങൾ നിർബന്ധമല്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതിൽ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സർക്കാരിന് അടിതെറ്റിയത്. ചാൻസലാറായ ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.

