Friday, October 2, 2026

ബില്ലുകളിൽ ഒപ്പിട്ടില്ല; ഗവർണർക്കെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിലേക്ക്; ഗവർണറുടെ നടപടി ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വാദം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എട്ട് ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലുൾപ്പടെ എട്ടെണ്ണം ഗവർണർ അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നിയമോപദേശം തേടിയ സംസ്ഥാന സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ പോകാൻ തീരുമാനമെടുത്തത്.

എട്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെന്നും അതിൽ മൂന്ന് ബില്ലുകൾ കഴിഞ്ഞ രണ്ട് വർഷമായി പിടിച്ചുവെച്ചിരിക്കുകയാണെന്നും 461 പേജുള്ള റിട്ട് ഹർജിയിൽ സംസ്ഥാന സർക്കാർ പറയുന്നു. ഗവർണറുടെ നടപടി ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് സർക്കാരിന്റെ വാദം. എട്ട് ബില്ലുകളിൽ പലതും ഗവർണറുടെ അധികാരത്തെയും ഇടപെടലുകളെയും ചോദ്യം ചെയ്യുന്നവയായിരുന്നു. സർവ്വകലാശാല നിയമഭേദഗതി ബിൽ, ചാൻസലർ ബിൽ എന്നിവ ഗവർണർക്ക് പൂർണ്ണമായും എതിരാണ്. സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണറെ തൽസ്ഥാനത്ത് നിന്നും നീക്കി സർക്കാരിന്റെ ഇഷ്ടാനുസരണം വിസി നിയമനം സാധ്യമാക്കുന്നതിനും ഇതിനെ ചോദ്യം ചെയ്യാൻ മറ്റാർക്കും അധികാരമില്ലാതാക്കുന്നതുമാണ് പല ബില്ലുകളും.

Related Articles

Latest Articles