ദില്ലി: കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ആപ്പ് നേതാവും ദില്ലി മന്ത്രിയുമായ രാജ്‌കുമാർ ആനന്ദിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ദില്ലി സിവിൽ ലൈൻ ഏരിയയിലുള്ള മന്ത്രിയുടെ വസതിയിൽ നടക്കുന്ന റെയ്‌ഡിനൊപ്പം രാജ്‌കുമാർ ആനന്ദുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ഒരേ സമയം റെയ്‌ഡ് നടക്കുകയാണ്. വിപുലമായ പരിശോധനകളാണ് ഇ ഡി നടത്തുന്നത്. സി ആർ പി എഫിന്റെ കനത്ത സുരക്ഷയിലാണ് പരിശോധനകൾ നടക്കുന്നത്. ദില്ലി പട്ടേൽനഗറിൽ നിന്നുള്ള ജനപ്രതിനിധിയാണ് 57 കാരനായ രാജ്‌കുമാർ ആനന്ദ്. സാമൂഹിക ക്ഷേമ, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഫയൽ ചെയ്‌ത കേസിലാണ് ഇപ്പോൾ ഇ ഡി നടപടി. വ്യാജ ഇറക്കുമതി സ്റ്റേറ്റ് മെന്റ് നൽകി 07 കോടിരൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പും ഹവാല ഇടപാടുകളും ഡി ആർ ഐ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ട്. ഇന്ന് 11 മണിയോടെ ഇ ഡി ഓഫീസിൽ അദ്ദേഹം ഹാജരാകുമെന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് . അതുകൊണ്ടുതന്നെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ദില്ലിയിൽ പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയാണ്. ഇതേ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്. മറ്റൊരു മുൻമന്ത്രി ജിതേന്ദ്ര ജയിനും ജയിൽവാസത്തിലാണ്. അഴിമതി വിരുദ്ധ മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയ ആം ആദ്‌മി പാർട്ടിയുടെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം പ്രമുഖ നേതാക്കന്മാരെല്ലാം ഇപ്പോൾ ഗുരുതരമായ അഴിമതിക്കേസുകളിൽ നടപടി നേരിടുകയാണ്.

