Sunday, May 5, 2024
spot_img

ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ബീഹാർ യുവതി;
വെട്ടിലായി ബിനോയിയും കോടിയേരിയും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷം.

ഒരു വര്‍ഷം മുന്‍പ് ഡിഎന്‍എ പരിശോധനാ ഫലം മുംബൈ പോലീസ് കോടതിക്ക് രഹസ്യ രേഖയായി കൈമാറിയിരുന്നു.

ഡിഎന്‍എ പരിശോധനാ ഫലം പരസ്യപ്പെടുത്തണം എന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജനുവരി നാലിന് കോടതി പരിഗണിക്കും. ഡിഎന്‍എ ഫലം പുറത്ത് വിടുന്നതില്‍ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു.

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിയായ യുവതി 2019ലാണ് ബിനോയ് കോടിയേരിക്ക് എതിരെ പരാതിയുമായി രംഗത്ത് വന്നത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് പീഡിപ്പിച്ചു എന്നാണ് ആരോപണം. മുംബൈ ഓഷിവാര പോലീസിനാണ് യുവതി പരാതി നല്‍കിയത്. ബിനോയ് കോടിയേരിയുമായുളള ബന്ധത്തില്‍ ഒരു മകനുണ്ടെന്നും യുവതി പറയുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച ബിനോയ് കോടിയേരി കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയാണ് ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടത്. 2019 ജൂലൈയില്‍ രക്ത സാമ്ബിള്‍ ശേഖരിച്ച്‌ കലീന ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ പരിശോധന നടത്തി. 17 മാസങ്ങള്‍ക്ക് ശേഷം പരിശോധനാ ഫലം മുംബൈ പോലീസ് രഹസ്യ രേഖയായി കോടതി രജിസ്ട്രാര്‍ക്ക് കൈമാറി.

2019ല്‍ കോടതി ഈ കേസ് പരിഗണിച്ചുവെങ്കിലും മാറ്റി വെച്ചു. പിന്നീട് കൊവിഡ് പ്രതിസന്ധി കാരണം കേസ് വീണ്ടും നീണ്ട് പോവുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലം പുറത്ത് വിടണമെന്നും അതോടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകുമെന്നും ബീഹാര്‍ സ്വദേശിനിയായ യുവതി പറയുന്നു. മകന് നീതി ലഭിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. തനിക്കും കുട്ടിക്കും ബിനോയ് ചെലവിന് തരണമെന്നും യുവതി ആവശ്യപ്പെടുന്നു.

ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വിടുന്നതില്‍ ആശങ്ക ഇല്ലെന്നാണ് ബിനോയ് കോടിയേരിയുടെ പ്രതികരണം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയിന്മേലുളള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണവയിലാണ്. നിയമനടപടിയുമായി താന്‍ മുന്നോട്ട് പോകുമെന്നും ബിനോയ് കോടിയേരി വ്യക്തമാക്കി.

അന്ധേരി ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ ഈ മാസം 13ന് ആണ് കേസിന്റെ വിചാരണ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ആണ് മുംബൈ പോലീസ് അന്ധേരി കോടതിയില്‍ ബിനോയിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസെടുത്ത് ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു 678 പേജുളള കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം കൂടാതെ വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുളള ആരോപണങ്ങളാണ് കുറ്റപത്രത്തിലുളളത്.

ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പീഡന ആരോപണം സിപിഎമ്മിന് വലിയ തലവേദന ആയിരുന്നു സൃഷ്ടിച്ചത്. ബിനോയ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനാണ് എന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പ്രതിപക്ഷവും ഈ വിഷയം പാര്‍ട്ടിക്കെതിരെ ആയുധമാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ യുവതിയുമായി ഒത്തുതീര്‍പ്പിനുളള ശ്രമങ്ങള്‍ വരെ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. അതിനിടെ യുവതിയുമായി ബിനോയ് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്ത് വരികയുണ്ടായി. കോടിയേരി ബാലകൃഷ്ണന്‍ ഒരു വര്‍ഷത്തിന് ശേഷം സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച്‌ എത്തിയിരിക്കേ കേസ് വീണ്ടും സജീവമാകുന്നത് സിപിഎമ്മിന് അടുത്ത തലവേദനയായേക്കും.

Related Articles

Latest Articles