തിരുവനന്തപുരം: കാലവർഷത്തിന് പിന്നാലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് മഴയ്ക്ക് ശക്തിയേറി.മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ച്, തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും കറാച്ചിക്കും ഇടയിൽ 15ന് പരമാവധി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ആറു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ബിപോർജോയ്യുടെ ഫലമായാണ് കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരള തീരത്ത് 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

