Sunday, May 5, 2024
spot_img

ഈ പ്രസ്ഥാനമായി ജനങ്ങളുടെ വിശ്വാസം ജന നായകനായി ഈ നേതാവും

സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് 42 വർഷം. എഴുത്തോ നിന്റെ കഴുത്തോ എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിക്കാൻ ജനസംഘവും മറ്റ് സോഷ്യലിസ്റ്റ് സംഘടനകളും ചേർന്ന് 1977 ൽ ജനതാപാർട്ടിയുണ്ടായി . എന്നാൽ 1979 ൽ ആർ.എസ്.എസ് അംഗത്വമുള്ളവർ ജനതാപാർട്ടിയിൽ തുടരുന്നതിനെതിരെ പാർട്ടിയിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി . തുടർന്നാണ് സ്വന്തം വേരുകൾ മറക്കാൻ താത്പര്യമില്ലാത്ത മുൻ ജനസംഘക്കാർ 1980 ഏപ്രിൽ ആറിന് അടൽ ബിഹാരി വാജ്പേയിയുടെ അദ്ധ്യക്ഷതയിൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചത്.

ഭാരതീയ ജനതാപാർട്ടിയുടെ ആദർശത്തിന്റെ തുടക്കം പക്ഷേ 1980 ൽ ആയിരുന്നില്ല . 1925 ൽ ഡോ കേശവ ബലിറാം ഹെഡ്ഗേവാർ ആരംഭിച്ച രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയവും ആദർശവും കൈമുതലാക്കി 1951 ൽ ആരംഭിച്ച ജനസംഘമാണ് ബിജെപിയുടെ പൂർവസംഘടന. മനുഷ്യനെ രാഷ്ട്രത്തിന്റെ ചലനാത്മകമായ അംശമായിക്കണ്ട ഏകാത്മമാനവദർശനം ഭാരതത്തിന്റെ രാഷ്ട്രീയമായി മാറിത്തുടങ്ങിയത് അതിനു ശേഷമാണ് . 1984 ൽ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും വോട്ടിംഗ് ശതമാനത്തിൽ പാർട്ടി രണ്ടാമതെത്തി . 1989 ൽ 85 സീറ്റു നേടിയ പാർട്ടി സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചു . അയോദ്ധ്യ പ്രക്ഷോഭത്തെ തുടർന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസം സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചു. തുടർന്ന് രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞടിച്ചു . മദ്ധ്യപ്രദേശും രാജസ്ഥാനും ഗുജറാത്തും ഉത്തർപ്രദേശും ഡൽഹിയുമെല്ലാം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായി . 1991 ൽ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തെയും അതിജീവിച്ച് ബിജെപി 120 സീറ്റുകൾ നേടി .

കോഴയും കുതിരക്കച്ചവടവും കൊണ്ട് നരസിംഹറാവു സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചപ്പോൾ 1996 ബിജെപിയുടെ വർഷമായി മാറി. 161 സീറ്റുകളാണ് 96 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ചത് . ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിനെത്തുടർന്ന് വാജ്പേയിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാഞ്ഞതിനാൽ 13 ദിവസം കൊണ്ട് സർക്കാരിന് രാജിവെക്കേണ്ടി വന്നു . തുടർന്ന് വന്ന പരീക്ഷണ സർക്കാരുകൾ അല്പായുസ്സായതോടെ 1998 ൽ പുതിയ തെരഞ്ഞെടുപ്പ് നടന്നു . 182 സീറ്റുകളോടെ ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി രൂപം കൊണ്ട സർക്കാർ 13 മാസം ഭരിച്ചു . അമേരിക്കയുടെ ഉപരോധത്തെ അതിജീവിച്ച് നടത്തിയ പൊഖ് റാൻ അണുപരീക്ഷണവും കാർഗിലിലെ പാക് ആക്രമണത്തിനു കൊടുത്ത ശക്തമായ മറുപടിയും പാർട്ടിയുടെയും സർക്കാരിന്റേയും യശസ്സുയർത്തി .എ ഐ ഡി എം കെ പിന്തുണ പിൻ വലിച്ചതിനെത്തുടർന്ന് ഭരണം നഷ്ടമായെങ്കിലും 13 മാസത്തെ ഭരണം എൻ ഡി എ സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റി.തുടർന്ന് ഭാരതം കണ്ടത് വ്യത്യസ്തമായ ഭരണ പരിഷ്കാരങ്ങളായിരുന്നു . ഏറ്റവും മികച്ച പാർലമെന്റേറിയനെന്ന് പേരെടുത്ത അടൽ ബിഹാരി വാജ്പേയിയും മികച്ച രാജ്യതന്ത്രജ്ഞനായ ലാൽ കൃഷ്ണ അദ്വാനിയും ദേശീയ ചിന്താധാരയിൽ ഉറച്ചു നിന്ന ഒരുകൂട്ടം ത്യാഗധനരായ നേതാക്കളും ചേർന്നതോടെ എൻ ഡി എ സർക്കാർ ഭാരതത്തിന്റെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര സർക്കാരായി മാറി.

2004 ലും 2009 ലും പരാജയത്തെ അഭിമുഖീകരിച്ചെങ്കിലും പശ്ചിമ ഭാരതത്തിൽ നിന്ന് ദേശീയതലത്തിലേക്കുയർന്നു വന്ന നരേന്ദ്രമോദിയെന്ന പ്രതിഭാധനനിലൂടെ 2014 ൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേറി . 282 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ പാർട്ടി, ദേശീയതയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയാണ് നൽകിയത്. 2019 ൽ നരേന്ദ്രമോദി എന്ന കൊടുങ്കാറ്റ് വീണ്ടും ആഞ്ഞു വീശി. ഇത്തവണ സീറ്റുകളുടെ എണ്ണം 300 കടന്നു. ഈ രണ്ടു കൊടുങ്കാറ്റുകളിലുമായി ഈ രാജ്യത്തിന്റെ ഭരണ കേന്ദ്രങ്ങളിൽ നിന്ന് അഴിമതിക്കാർ ഒലിച്ചുപോയി. 70 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിന് രാജ്യത്തിൻറെ പകുതി ഗ്രാമങ്ങളിൽ പോലും വൈദ്യുതി എത്തിക്കാൻ കഴിഞ്ഞില്ല. പക്ഷെ മോദി എല്ലാ ഗ്രാമങ്ങളിലേക്കും വൈദ്യുതി എത്തിച്ചത് വെറും ആയിരം ദിവസങ്ങൾ കൊണ്ടാണ്. എല്ലാ കുടുംബങ്ങളിലേക്കും ബാങ്ക് അക്കൗണ്ടും പാചകവാതകവുമെത്തിച്ചു. ഇന്ത്യക്ക് എന്നും തലവേദനയായിരുന്നു പാകിസ്ഥാനെ വെറും 2000 കിലോ ബോംബുകൾ കൊണ്ട് പാഠം പഠിപ്പിച്ചു. ജമ്മുകാശ്‌മീരിന്റെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും കണ്ണീരൊപ്പി. സേനയെ നവീകരിച്ചു. ഏറ്റവും മികച്ച ആയുധങ്ങൾ എത്തിച്ചു. അയോധ്യയിലെ താഴികക്കുടങ്ങൾ വീണ്ടുമുയരുന്നു. അസാധ്യമായിരുന്നതൊക്കെയും സാധ്യമാക്കി പുതിയ ഭാരതം നിർമ്മിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി. ഓരോ തെരഞ്ഞെടുപ്പിലും ജനം നൽകുന്ന വർധിച്ച പിന്തുണ നാടിന്റെ വികസനത്തിനുപയോഗിക്കുന്ന ഭാരതീയ ജനതാ പാർട്ടിക്കും അതിൻറെ കോടിക്കണക്കിനു പ്രവർത്തകർക്കും ആശംസകൾ.

Related Articles

Latest Articles