Thursday, May 2, 2024
spot_img

ബിജെപി നേതാവും മുൻ എംപിയുമായ കുൽദീപ് ബിഷ്‌ണോയിയുടെ മകൻ ഭവ്യ ബിഷ്‌ണോയ് വിവാഹിതനാകുന്നു; വധു ഐഎഎസ് ഉദ്യോഗസ്ഥ ; ഭവ്യ ബിഷ്‌ണോയ് പ്രതിനിധീകരിക്കുന്ന ആദംപൂർ മണ്ഡലത്തിലെ മുഴുവൻ പേർക്കും ക്ഷണം; മംഗളകർമ്മത്തിൽ പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷം പേരെ !

ഗുരുഗ്രാം: മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ കുൽദീപ് ബിഷ്‌ണോയിയുടെ മകൻ ഭവ്യ ബിഷ്‌ണോയുടെ വിവാഹം ഈ മാസം 22 ന് നിശ്ചയിച്ചു. ഉദയ്പൂരിലെ വിവാഹ ചടങ്ങിലും പുഷ്കർ, ആദംപൂർ, ദില്ലി എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന റിസപ്ഷനുകളിലുമായി ഒന്നരലക്ഷത്തോളം അതിഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനിലെ പുഷ്കറിൽ ഡിസംബർ 24നും ഡിസംബർ 26-ന് ആദംപൂരിലും ഡിസംബർ 27-ന് ദില്ലിയിലുമാണ് റിസപ്‌ഷൻ നടക്കുക.

ഭവ്യ ബിഷ്‌ണോയ് നിലവിൽ ആദംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്, അദ്ദേഹത്തിന്റെ മുത്തച്ഛൻ – മുൻ ഹരിയാന മുഖ്യമന്ത്രി ഭജൻ ലാൽ 1968 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് വിജയിച്ചതു മുതൽ കുടുംബത്തിന്റെ അപ്രഖ്യാപിത കോട്ടയായി മണ്ഡലം മാറി. 1977 നും 2005 നും ഇടയിൽ ഭജൻ ലാൽ ഇവിടെ നിന്ന് ഏഴ് തവണ വിജയിച്ചപ്പോൾ, 1987 ൽ അദ്ദേഹത്തിന്റെ ഭാര്യ ജസ്മ ദേവി വിജയിച്ചു. കുൽദീപ് ബിഷ്‌ണോയി 1998 ലെ ഉപതെരഞ്ഞെടുപ്പിലും 2009, 2014, 2019 തെരഞ്ഞെടുപ്പുകളിലും ആദംപൂരിൽ വെന്നിക്കൊടി പായിച്ചു. 2012-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കുൽദീപിന്റെ ഭാര്യ രേണുകയാണ് ഇവിടെ നിന്ന് വിജയിച്ചത്.

ഭവ്യയുടെ പ്രതിശ്രുത വധു പരി ബിഷ്‌ണോയി സിക്കിം കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്, നിലവിൽ ഗാംഗ്‌ടോക്കിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്‌ഡിഎം) ചുമതല വഹിക്കുകയാണ് അവർ.

വിവാഹ ചടങ്ങിൽ മുപ്പത്തിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 26 ന് ആദംപൂരിൽ നടക്കുന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം അതിഥികളെ പ്രതീക്ഷിക്കുന്നു, ഡിസംബർ 27 ന് നടക്കുന്ന ദില്ലി റിസപ്ഷനിൽ ചില ദേശീയ നേതാക്കൾ ഉൾപ്പെടെ 2,500 മുതൽ 3,000 വരെ അതിഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദംപൂർ നിയമസഭാ മണ്ഡലത്തിലെ 55 ഗ്രാമങ്ങളും നാൽവ നിയോജക മണ്ഡലത്തിലെ 31 ഗ്രാമങ്ങളും സന്ദർശിച്ച് എല്ലാ ഗ്രാമവാസികൾക്കും ക്ഷണം നൽകുമെന്ന് കുൽദീപ് അറിയിച്ചു.

Related Articles

Latest Articles