കശ്മീർ: ജമ്മു കശ്മീരിൽ ബിജെപി നേതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കത്വ ജില്ലയിലെ ഹിരാനഗറിൽ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹിരാനഗർ സ്വദേശിയായ സോം രാജാണ് മരിച്ചത്. പ്രദേശവാസിയായ യുവാവാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. സോം രാജിന്റെ ശരീരത്തിൽ പലയിടത്തും രക്തക്കറ കണ്ടതും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇൗ പരാതിയിന്മേൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സോം രാജിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ബിജെപി നേതൃത്വവും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

