Friday, April 19, 2024
spot_img

വീണ്ടും വേണം മോദി ഭരണം, കേരളവും മോദിയോടൊപ്പം: ബിജെപി പരിവര്‍ത്തന യാത്രയ്ക്ക് ഇന്ന് തുടക്കം

കോട്ടയം/കൊച്ചി/തൃശൂര്‍/കാസര്‍കോട്: വീണ്ടും വേണം മോദി ഭരണം, കേരളവും മോദിയോടൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി; ശബരിമലയെ തകര്‍ക്കുന്ന, വികസന മുരടിപ്പിന് കാരണമായ സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കും, അക്രമ രാഷ്ട്രീയത്തിനുമെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ബിജെപി പരിവര്‍ത്തന യാത്രയ്ക്ക് ഇന്ന് തുടക്കമാകും.

നാല് മേഖലകളായി തിരിച്ച്‌ നാലു ജനറല്‍ സെക്രട്ടറിമാരാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം മേഖലാ യാത്രയ്ക്ക് കെ. സുരേന്ദ്രനും, എറണാകുളത്ത് എ.എന്‍. രാധാകൃഷ്ണനും മധ്യമേഖലയില്‍ ശോഭ സുരേന്ദ്രനും ഉത്തരമേഖലയില്‍ എം.ടി. രമേശും യാത്ര നയിക്കും. പത്തിന് യാത്ര സമാപിക്കും.
കെ. സുരേന്ദ്രന്‍ നയിക്കുന്ന തിരുവനന്തപുരം മേഖല യാത്ര ഇന്ന് വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കൊടുങ്ങൂരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി അറിയിച്ചു. പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും.

എ.എന്‍. രാധാകൃഷ്ണന്‍ നയിക്കുന്ന എറണാകുളം മേഖല യാത്ര വൈകിട്ട് നാലിന് കൊടുങ്ങല്ലൂരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യുമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ബിജെപി കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ എം.ജി. പ്രശാന്ത്‌ലാല്‍, പി.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും. ശോഭ സുരേന്ദ്രന്‍ നയിക്കുന്ന മധ്യമേഖല യാത്ര ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ വൈകിട്ട് അഞ്ചിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്‍. അനീഷ് അധ്യക്ഷത വഹിക്കും.സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എം.ടി. രമേശ് നയിക്കുന്ന ഉത്തരമേഖലാ യാത്ര വൈകിട്ട് നാലിന് കാസര്‍കോട് കുമ്ബളയില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ആറിന് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീകരണങ്ങളേറ്റു വാങ്ങിയ ശേഷം കണ്ണൂരിലേക്ക് കടക്കും. കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിനു ശേഷം യാത്ര കോഴിക്കോട് സമാപിക്കും.

Related Articles

Latest Articles