Sunday, May 5, 2024
spot_img

ഹിന്ദുത്വത്തെ അവഹേളിക്കുന്നവർ ഇന്ത്യക്കാരനല്ലെന്ന് ബിജെപി !

ഹിന്ദു എന്ന പേരിൽ മതമില്ലെന്നും ഹിന്ദുമതമെന്നത് വഞ്ചനയാണെന്നുമുള്ള സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശമാണ് ഇപ്പോൾ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ബ്രാഹ്മണ മതത്തിന്റെ വേരുകൾ വളരെ ആഴമുള്ളതാണ്, എല്ലാ അസമത്വത്തിനും കാരണം ബ്രാഹ്മണമതമാണ്. ഹിന്ദു എന്നൊരു മതമില്ലെന്നും ഹിന്ദുമതം ഒരു വഞ്ചന മാത്രമാണ്. ബ്രാഹ്മണ മതത്തെ ഹിന്ദു മതമെന്ന് വിശേഷിപ്പിച്ച് ഈ രാജ്യത്തെ ദലിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും ചതിയിൽ കുടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നുമായിരുന്നു സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശം.

ഹിന്ദു എന്ന പേരിൽ മതമില്ലെന്നും ഹിന്ദുമതമെന്നത് വഞ്ചനയാണെന്നുമുള്ള മൗര്യയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ രംഗത്തെത്തുന്നത്. ഡിഎംകെയുടെ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തതിന് ശേഷം, ഇപ്പോൾ ഹിന്ദുമതത്തിന്മേൽ വിഷം ചീറ്റുന്നത് എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യയാണ്. എന്തുകൊണ്ടാണ് I.N.D.I സഖ്യ നേതാക്കൾ ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ? എന്തുകൊണ്ടാണ് അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ഈ വിദ്വേഷ പ്രസംഗങ്ങളെ ഇതുവരെ അപലപിക്കാത്തതെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചത്. അതേസമയം, ഹിന്ദുത്വത്തെ അവഹേളിക്കുന്ന വ്യക്തിക്ക് ഇന്ത്യക്കാരനായിരിക്കാൻ സാധ്യമല്ലെന്നും, മൗര്യ സോണിയ ​ഗാന്ധിയുടെയും അഖിലേഷ് യാദവിന്റേയും കളിപ്പാവയാണെന്നും ബി.ജെ.പി എം.പി സുബ്രത് പഥക് പറഞ്ഞു. വിഷയത്തിൽ മൗര്യക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുകയാണ്. മൗര്യക്കെതിരെ അഖിലേഷ് യാദവ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സുബ്രത് പഥക് പറഞ്ഞു. അതേസമയം, മൗര്യയുടെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നാരായൺ റാണെയും രം​ഗത്തെത്തിയിട്ടുണ്ട്. ഹിന്ദുമതത്തെ അവഹേളിക്കുന്ന ഒരാൾക്ക് ഇന്ത്യക്കാരനായിരിക്കാൻ സാധിക്കുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മതത്തെ അവഹോളിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles