Thursday, May 2, 2024
spot_img

രാജ്യത്ത് ആശങ്ക പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ്; ഭീതിയൊഴിയാതെ ഇന്ത്യൻ നഗരങ്ങൾ

ദില്ലി: രാജ്യത്ത് ആശങ്ക പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ്. ഇന്ത്യയിലെ വൻ നഗരങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധയെന്ന സൂചനകൾ പുറത്തുവരുന്നു. ഇന്ത്യയിൽ നാലാമതൊരു കോവിഡ് തരംഗം വരുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഇപ്പോൾ ഭീതി പരത്തി കൊണ്ട് ബ്ലാക്ക് ഫംഗസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2021 ൽ കോവിഡ് രണ്ടാം തരംഗത്തിനിടയിൽ രോഗം മുക്തരിൽ പലരിലും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.

അതേസമയം മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ മ്യൂകോർമൈകോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് മ്യൂകോർമൈകോസിസ് കേസുകൾ ബംഗളുരുവിൽ റിപ്പോർട്ട് ചെയ്തതായാണ് ലഭിക്കുന്ന കണക്ക്. ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികളിൽ പ്രധാനമായും തലവേദന, തലയ്ക്കു ഭാരം, മുഖ വേദന ജലദോഷം മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. പ്രതിരോധശേഷി കുറഞ്ഞവരെ കൂടുതലായി ബാധിക്കുന്ന ഈ രോഗം കാഴ്ച നാശത്തിനും മരണത്തിനും വരെ കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

അതേസമയം രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് കേരള സർക്കാർ. പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്നിടത്തും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും. മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും സർക്കാർ ഉത്തരവിൽ നിർദേശമുണ്ട്.

Related Articles

Latest Articles