Thursday, May 23, 2024
spot_img

ബ്ലീച്ചിങ് പൗഡർ അഴിമതിയും കോവിഡ് കാല ആരോപണവും ഇനി തെളിവില്ലാ ആക്ഷേപങ്ങൾ !

പിണറായി സര്‍ക്കാരിന് കൊലയാളി സര്‍ക്കാരെന്ന വിളിപ്പേര് വീണ് കഴിഞ്ഞിരിക്കുകയാണ്. കാരണം കൊല്ലത്തിനും തിരുവനന്തപുരത്തിനും ശേഷം ഇപ്പോൾ ആലപ്പുഴയിലും മരുന്ന് ഗോഡൗണിനു തീ പിടിച്ചിരിക്കുകയാണ്. അതേസമയം, വീണ്ടും ബ്ലീച്ചിങ് പൗഡർ ആണ് വില്ലെന്നാണ് കണ്ടെത്തൽ. ആലപ്പുഴ വണ്ടാനത്തെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്. വെറും പത്ത് ദിവസത്തിനിടെ മൂന്നാമത്തെ തീ പിടുത്തം. ഫയർ ഓഡിറ്റ് നടത്തുമെന്നെല്ലാം മന്ത്രി പറഞ്ഞത് വെറും വാക്കായി മാറിയിരിക്കുകയാണ്. ഇതോടെ ഇതിനുപിന്നിൽ സർക്കാരിന്റെ അഴിമതി പുറത്തു വരാതിരിക്കാനുള്ള തട്ടിപ്പാണ് നടക്കുന്നതെന്ന ആരോപണം ശക്തമായി മാറിയിരിക്കുകയാണ്. കാരണം ബ്ലീച്ചിങ് പൗഡറാണ് വീണ്ടും കത്തിയിരിക്കുന്നത്. അതും കൊല്ലത്തും തിരുവനന്തപുരത്തും തീ പിടിച്ചതിന് സമാനമായി. ആലപ്പുഴ വണ്ടാനത്തെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികൾ പൂർണമായും കത്തിനശിച്ചു. അതേസമയം, മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് തീ പടരുന്നതിന് മുൻപ് തീ നിയന്ത്രണ വിധേയമാക്കി. സംഭവസമയത്ത് രണ്ട് സുരക്ഷാ ജീവനക്കാർ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്നത് ഇവിടെനിന്നാണ്. ആരോഗ്യവകുപ്പ് ഏറ്റവുമൊടുവിൽ നടത്തിയ ബ്ലീച്ചിങ് പൗഡർ ഇടപാടുകൾക്കു പിന്നിലും അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് ബ്ലീച്ചിങ് പൗഡർ വീണ്ടും കത്തി നശിച്ചിരിക്കുന്നത്.

കർശനമായ ടെൻഡർ വ്യവസ്ഥകളില്ലാതെ കാരുണ്യ വഴി നടന്ന ലക്ഷക്കണക്കിനു കിലോഗ്രാമിന്റെ ബ്ലീച്ചിങ് പൗഡർ ഇടപാടിൽ സർവത്ര ദുരൂഹതയാണ്. കേരളം ആസ്ഥാനമായുള്ള പാർക്കിൻസ് എന്റർപ്രൈസസ്, ഉത്തർപ്രദേശ് ആസ്ഥാനമായ ബങ്കെബിഹാരി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴി ജൂലൈയിൽ നാലു ലക്ഷം കിലോഗ്രാമിന്റെ ഇടപാടാണ് നടന്നത്. പത്തനംതിട്ടയിലെ പാർക്കിൻസ് എന്റർപ്രൈസസാണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ലഖ്നൗവിലെ ബങ്കെബിഹാറി കെമിക്കൽസിന്റേതായിരുന്നു രണ്ടാമത്തെ കുറഞ്ഞ തുക. അതേസമയം, ഏറ്റവും കുറഞ്ഞ തുകയ്ക്കു ബ്ലീച്ചിങ് പൗഡർ നൽകാമെന്നു പറഞ്ഞ കമ്പനിക്കു മുഴുവൻ ഓർഡറും നൽകാൻ കോർപറേഷന്റെയും കാരുണ്യയുടെയും ഉന്നതർ തയാറായില്ല. അവർ പാർക്കിൻസിനു പുറമേ ബങ്കെബിഹാറിയിൽനിന്നും ബ്ലീച്ചിങ് പൗഡർ വാങ്ങാൻ തീരുമാനിച്ചു. ഈ കമ്പനി വിതരണം ചെയ്ത ബ്ലീച്ചിങ് പൗഡറാണു കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പയിലും ഇപ്പോൾ വണ്ടാനത്തും വൻ തീപിടിത്തത്തിനു കാരണമായത്. അതാണ് ഇടപാടുകളിൽ ദുരൂഹത നിറയ്ക്കുന്നത്.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ടൺ കണക്കിനു ബ്ലീച്ചിങ് പൗഡർ ശേഖരിച്ചത്. ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 3.04 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡർകൂടി വാങ്ങാൻ നീക്കം നടക്കുകയായിരുന്നു. അതിനിടെയാണു മരുന്ന് ഗോഡൗണിൽ തീ പിടിത്തമുണ്ടായത്. മഴക്കാല ശുചീകരണത്തിനായി മെഡിക്കൽ സർവീസസ് കോർപറേഷന്റെ എല്ലാ സംഭരണകേന്ദ്രങ്ങളിലും 5000 കിലോയ്ക്കു മുകളിൽ ബ്ലീച്ചിങ് പൗഡർ ശേഖരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിനു രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങിയതു വിവാദമായിരുന്നു. അതിനു പിന്നാലെ ആരോഗ്യവകുപ്പിലെ അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ഈ ദുരൂഹതകൾ മാറും മുമ്പാണ് വൻ ഇടപാടിലൂടെ വാങ്ങിക്കൂട്ടിയ ബ്ലീച്ചിങ് പൗഡർ കത്തിത്തീർന്നത്. സ്പ്രിങ്ലർ, പി.പി.ഇ. കിറ്റ്, ഗ്ലൗസ്, മരുന്ന് തുടങ്ങിയ ഇടപാടുകളിലാണ് ഇതിനു മുമ്പ് അഴിമതി ആരോപണം ഉയർന്നത്. അന്വേഷണം മുറുകുമ്പോൾ ഫയലുകൾ അപ്രത്യമാകുകയോ തീപിടിത്തത്തിൽ എല്ലാം നശിക്കുകയോ ആണ് പതിവ്. ഇപ്പോൾ അത് ആവർത്തിക്കുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

Related Articles

Latest Articles