Thursday, May 9, 2024
spot_img

സഭ ഇന്നും കലുഷിതം ; പരസ്പരം കുറ്റപ്പെടുത്തി ഇരു പക്ഷങ്ങളും,പ്രക്ഷുബ്ധമായ സഭ നടപടികൾ അവസാനിപ്പിച്ച് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെയുണ്ടായ കോലാഹലത്തിന് പിന്നാലെ ഇന്നും സഭ കലുഷിതമായി പിരിയേണ്ടി വന്നു.പരസ്പരം കുറ്റപ്പെടുത്തലുകളാണ് സഭയിൽ അരങ്ങേറിയത്.നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ ഇന്ന് സഭയിൽ പറഞ്ഞു. മറുപടി പറയാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പറഞ്ഞു. വിഷയത്തിൽ ഇന്നും സഭയിൽ ബഹളം നടക്കുകയാണ്. ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം വാച്ച് ആന്റ് വാർഡിനും ഭരണകക്ഷി എംഎൽഎമാർക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.ഇന്നലെ നടന്ന സംഘർഷം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും നിർഭാഗ്യകരമെന്നും സ്പീക്കർ പറഞ്ഞു. ഈ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവ് യോജിച്ചിരുന്നു.

സ്പീക്കർ അവകാശം നിഷേധിക്കുന്നുവെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് നാല് പ്രതിപക്ഷ അംഗങ്ങൾക്ക് പരിക്കേറ്റെന്നും പറഞ്ഞു. രണ്ട് ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആന്റ് വാർഡുമാർക്കും എതിരെ നടപടി വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സ്പീക്കർ ഇരിക്കുമ്പോൾ തന്നെ മുഖം മറച്ചു ബാനർ ഉയർത്തിയതിനും സഭയിലെ തന്റെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പുറത്ത് പോയതിനും സ്പീക്കർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.

സാമാന്തര സഭ ചേർന്നിട്ടും, മൊബൈൽ വഴി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടും കടുത്ത നടപടി ഉണ്ടായില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭാ ടിവി പ്രതിപക്ഷത്തിന് പ്രതിഷേധങ്ങളെ പൂർണ്ണമായും മറച്ചുവെക്കുന്നുവെന്നും താൻ സംസാരിക്കുമ്പോൾ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു. അതിനിടെ സ്പീക്കർ സഭാ നടപടികളിലേക്ക് വേഗത്തിൽ കടന്നു.പിന്നീട് ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Related Articles

Latest Articles