Sunday, May 5, 2024
spot_img

കിടപ്പുരോഗിയെ പരിചരിക്കാനെത്തി,ആഭരണവും മൊബൈലും പണവുമായി മുങ്ങി;പത്ത് മാസം ഇരുട്ടിൻമറവിൽ കഴിഞ്ഞ ഹോം നഴ്‌സ് ഒടുവിൽ പിടിയിൽ

ഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തി ആഭരണവും മൊബൈലും പണവുമായി മുങ്ങിയ
ഹോം നഴ്‌സ് ഒടുവിൽ 10 മാസത്തിനുശേഷം പിടിയിൽ.മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിൻറെ വീട്ടിൽനിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ മോഷണം പോയത്.

2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ സാവിത്രി ജോലിക്ക് നിന്നിരുന്നു. മോഷണശേഷവും മൂന്നു മാസത്തോളം ജോലിയിൽ തുടർന്നു. വിനുവിന്‍റെ രോഗിയായ അമ്മയെ കാണാൻ പലരും വന്നിരുന്നതിനാൽ മോഷ്ടാവ് ആരെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ പോലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിലെ മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പോലീസിൽ പരാതി കിട്ടി. വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാവിത്രിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.

പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങുന്നതിനിടെ സാവിത്രി പണവും സ്വർണവും വീട്ടുകാരെ തിരികെ ഏൽപിച്ച് കേസ് കൊടുക്കരുതെന്ന് അപേക്ഷിച്ചു. തുടർന്ന് വീട്ടുകാർ പരാതി പിൻവലിച്ചു. ഈ വിവരം അറിഞ്ഞ വിനു ബുധനാഴ്ച പോലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ആഭരണങ്ങൾ പണയം വെച്ചതിന്‍റെ ലിസ്റ്റ് എടുത്തതാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.

Related Articles

Latest Articles