Monday, April 29, 2024
spot_img

പൊതുജനത്തിന്റെ നികുതിപ്പണം പാഴാക്കാനായൊരു സർക്കാർ!!
പൊലീസുകാരെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറകൾ കണ്ണടച്ചു;
കോടികൾ മുടക്കിയ ക്യാമറകൾ എന്ത് ചെയ്‌തെന്നതിൽ മൗനം പാലിച്ച് കേരള പോലീസ്

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. സർക്കാർ ഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ഉപയോഗശൂന്യമായി ആർക്കും വേണ്ടാത്ത നിലയിൽ കിടക്കുന്നത്. വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും പോലീസുകാർക്കെതിരെ ആക്രമണമുണ്ടായാൽ തെളിവ് ലഭിക്കാനും വേണ്ടിയായിരുന്നു ക്യാമറ സംവിധാനം നടപ്പിലാക്കിയത്.

സാങ്കേതിക പരിശോധനകൾ ഒഴിവാക്കി തിടുക്കത്തിലാണ് കേരള പോലീസ് ക്യാമറകൾ വാങ്ങിയതെന്ന ആരോപണമുയർന്നിരുന്നു. രണ്ട് കമ്പനികളിൽ നിന്നായി 310-ഓളം ക്യാമറകളാണ് കേരള പോലീസ് വാങ്ങിയത്. ഇതിൽ 180 ക്യാമറകളിൽ ലൈവ് സ്ട്രീമിംഗ് സംവിധാനവുമുണ്ടായിരുന്നു. ക്യാമറകൾ വാങ്ങിയ വകയിൽ ആകെ ചെലവായത് 99,50,055 രൂപയാണ്. ശരീരത്തിൽ ഘടിപ്പിച്ച് വെക്കുന്ന ക്യാമറകൾ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായതിന് പിന്നാലെ ഉപയോഗം നിർത്തി.

സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായാൽ തിരിച്ചെടുക്കണമെന്ന വ്യവസ്ഥ ടെണ്ടറിലുണ്ടായിരുന്നിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പൊതു ജനങ്ങളോട് മോശമായി പെരുമാറിയാൽ തെളിവ് സഹിതം പിടിവീഴുന്ന സംവിധാനമായതിനാൽ പലർക്കും ക്യാമറ ഉപയോഗിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നു. ഉപയോഗ ശൂന്യമായ ക്യാമറകൾ എന്ത് ചെയ്‌തെന്ന ചോദ്യത്തിൽ സർക്കാർ മൗനവ്രതം തുടരുകയാണ്.

Related Articles

Latest Articles