Friday, May 3, 2024
spot_img

വെടിനിർത്തൽ അഞ്ചാം ദിവസത്തിലേക്ക്; തടവിലാക്കിയ 12 ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്; മോചിപ്പിച്ച ബന്ദികളെ റെഡ് ക്രോസ് മുഖേന ഇസ്രായേലിന് കൈമാറി

ടെൽ അവീവ്: വെടിനിർത്തൽ തുടരുന്ന പശ്ചാത്തലത്തിൽ തടവിലാക്കിയ 12 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വെടിനിർത്തൽ കരാർ നീട്ടാൻ ഇരുപക്ഷവും സമ്മതിച്ചതിന് പിന്നാലെയാണ് കൂടുതൽ ബന്ദികളെ വിട്ടയച്ചിരിക്കുന്നത്. ഇസ്രായേൽ ജയിലുകളിൽ തടവിൽ കഴിയുകയായിരുന്ന 30 പലസ്തീൻകാരേയും വിട്ടയച്ചിട്ടുണ്ട്. 10 ഇസ്രായേലി പൗരന്മാരേയും രണ്ട് വിദേശ പൗരന്മാരേയുമാണ് ഹമാസ് കഴിഞ്ഞ ദിവസം വിട്ടയച്ചത്.

മോചിപ്പിച്ച ബന്ദികളെ റെഡ് ക്രോസ് മുഖേന ഇസ്രായേലിന് കൈമാറി. ബുധനാഴ്ച വരെയാണ് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് ഇനിയും നീളാൻ സാദ്ധ്യതയുണ്ട്.
വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇതുവരെ 81 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. 180 പലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയച്ചു.

അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും, ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ഈ യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തെ തുടർന്ന് 240 പേരെ ഹമാസ് ഇസ്രായേലിൽ നിന്നും പിടിച്ചുകൊണ്ട് പോയിരുന്നു. തുടർന്നുണ്ടായ യുദ്ധത്തിൽ 13,300 പേർ കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്. ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 1,200 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

Related Articles

Latest Articles