Saturday, June 1, 2024
spot_img

ഇന്ന് പെണ്‍മക്കളുടെ ദിനം; വാത്സല്യത്തോടെയും കരുതലോടെയും ചേർത്തുപിടിക്കാം, അറുതിയില്ലാത്ത പീഡനങ്ങൾക്കെതിരെ പോരാടാം

ഊഷ്മളമായ ഒരു ഹൃദയബന്ധത്തിന്റെ ദിവസമാണ് സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച. നിഷ്കളങ്ക സ്നേഹത്തിന്റെ മഴവില്‍ ശോഭ നിറയുന്ന ദിനം. വാത്സല്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ദിനം. ഭൂമിയിലെ എല്ലാ ബന്ധങ്ങളിലും വച്ച് ഏറ്റവും പവിത്രവും ഇഴയടുപ്പമുള്ളതുമായ ബന്ധത്തിന്റെ അവിസ്മരണീയ ദിനം. പെണ്‍മക്കളുടെ ദിനം. മാതാപിതാക്കളുടെ ദിവസം പോലെ അമ്മമാരുടെ ദിനം പോലെ സൗഹൃദത്തിന്റെ ദിനം പോലെ ശുദ്ധമായ ഓര്‍മകളിലേക്കും സുന്ദരമായ ഭാവിയിലേക്കും കൈപിടിച്ചുയര്‍ത്തുന്ന സുദിനം.
സമൂഹനിര്‍മിതിയില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുമ്പോഴും വീട്ടകങ്ങളിലടക്കം പെണ്‍കുഞ്ഞുങ്ങള്‍ നേരിടുന്ന പലവിധപീഡനങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്.
പെറ്റു വീണത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ നെറ്റി ചുളിയുന്ന കാലമുണ്ടായിരുന്നു നമുക്ക്. പ്രാഥമിക വിദ്യാഭ്യാസ പോലും നല്‍കാതെ അടുക്കളയില്‍ തള്ളിയിരുന്ന കാലം. കെട്ടിച്ചയച്ചു ബാധ്യത തീര്‍ക്കും. പിന്നെ മറ്റൊരിടത്തെ നാലുചുമരുകള്‍ക്കുള്ളില്‍ ജീവനും ജീവിതങ്ങളും എരിഞ്ഞടങ്ങിക്കൊണ്ടേയിരുന്നു. കാലം മാറി, കാഴ്ചപ്പാടുകളും കുറേയൊക്കെ മാറി.

സ്വാതന്ത്യത്തെക്കുറിച്ചും സ്വാഭിമാനത്തെ കുറിച്ചും അവര്‍ ബോധവതികളായി. അവരുടെ കളിചിരികള്‍ നിറയുന്ന വീട്ടകങ്ങള്‍ സ്വര്‍ഗമാണെന്ന തിരിച്ചറിവുകള്‍ വന്നു. അവര്‍ക്കു വേണ്ടി ഒരു ദിവസം അങ്ങനെ മാറ്റി വയ്ക്കപ്പെട്ടു. സ്വാഭാവികമായും സംശയിക്കാം എന്തിനാണ് ഇങ്ങനെയൊരു ദിനമെന്ന്? എല്ലാം ദിനങ്ങളും പെണ്‍കുട്ടികളുടേതു കൂടി ആവേണ്ടെ എന്ന്? ശരിയാണ്. പക്ഷേ, ആ ശരിയിലേക്ക് എത്താന്‍ നമ്മള്‍ ഇനിയുമേറെ നടക്കേണ്ടതുണ്ട്. അതുവരെ ഈ ദിനത്തിന് പ്രസക്തിയുമുണ്ട്.

പെണ്‍കുട്ടികള്‍ക്ക് വിവേചനം അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നഗരപ്രദേശങ്ങളില്‍ സ്ഥിതി മാറിയിട്ടുണ്ടെങ്കിലും ഇന്നും എണ്ണമറ്റ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളെ ഭാരമായി കാണുന്ന കുടുംബങ്ങളുണ്ട്. ഇന്ത്യയില്‍ പെണ്‍കുട്ടിയുടെ ദിനം ആചരിക്കാന്‍ തുടങ്ങിയതുതന്നെ ഈ സമീപനം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്. അപമാനമല്ല, അഭിമാനമാണ് ഓരോ പെണ്‍കുട്ടിയും എന്ന സന്ദേശം ഓരോ വീടുകളിലും എത്തിക്കാന്‍. സ്ത്രീധനം, ആത്മഹത്യ എന്നിവ ഒഴിവാക്കി പെണ്‍കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാനും. എന്നാണ് ഇന്ത്യയില്‍ ഇങ്ങനെയൊരു ആഘോഷം തുടങ്ങിയത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളുമില്ല. എങ്കിലും വീട്ടിലെ പെണ്‍കുട്ടി ആ വീട്ടിലുള്ളവര്‍ക്ക് ആരാണെന്നും എത്രമാത്രം വിലപ്പെട്ടവളാണെന്നും ഓര്‍മിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച ആഘോഷിക്കപ്പെടുന്നു, ആചരിക്കപ്പെടുന്നു.

പെണ്‍കുട്ടികളുടെ ദിനം എങ്ങനെ ആഘോഷിക്കുമെന്ന് ചിന്താക്കുഴപ്പമുള്ളവര്‍ ഉണ്ടാകാം. സ്നേഹവും പരിഗണനയും അവരെ ബോധ്യപ്പെടുത്തുക തന്നെയാണ് ഏറ്റവും പ്രധാനം. പെണ്‍കുട്ടികളെയും കൂട്ടി പുറത്തുപോകാം. ഒരു സിനിമ കാണുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാം. പാര്‍ക്കില്‍ കുറച്ചുസമയം സന്തോഷത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് ചെലവഴിക്കാം. അതുമല്ലെങ്കില്‍ സ്ത്രീധനം പോലുള്ള അനാചരങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്ത് അവരെ ആത്മവിശ്വാസമുള്ളവരാക്കാം. സമ്മാനങ്ങള്‍ നല്‍കാം. വീട്ടിലുള്ളവരെ മാത്രമല്ല, ലോകത്തുള്ള എല്ലാ പെണ്‍കുട്ടികളെയും സ്നേഹിക്കുമെന്നും ബഹുമാനിക്കുമെന്നും തുല്യ പരിഗണനയോടുകൂടി അവരെ കാണുമെന്നും പ്രതിജ്ഞ ചെയ്യാം.

പെണ്‍കുട്ടികള്‍ സ്വര്‍ഗത്തില്‍ നിന്നെത്തിയ മാലാഖമാരാണെന്നു പറയാറുണ്ട്. ഭൂമിയില്‍ സന്തോഷം നിറയ്ക്കാന്‍ ദൈവം നേരിട്ടയച്ച ദേവദൂതികള്‍. അവര്‍ക്കു വേണ്ടത് ഒരു ദിനം മാത്രമല്ലെങ്കിലും ഒരു ദിവസം അവര്‍ക്കു വേണ്ടി മാറ്റിവയ്ക്കുന്നത് സ്നേഹത്തിന്റെ അടയാളം തന്നെയാണ്. കടപ്പാടിന്റെ പ്രതീകം. പരസ്പര വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഓര്‍മപ്പെടുത്തല്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles