Tuesday, May 21, 2024
spot_img

ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും

കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്‍റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വൈകീട്ട് നാലേ പത്തിനാണ് ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതല്‍ കോഴിക്കോടുവരെ സർക്കാർ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിരുന്നു. വഴിയില്‍ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. 172 കിമീ ദൂരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് രാത്രി ഏഴേകാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്‍റർനാഷണല്‍ ആശുപത്രിയിലെത്തിച്ചു.

തൊട്ടുപിന്നാലെ കണ്ണൂർ സ്വദേശിയായ അന്‍പത്തൊന്‍പതുകാരന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. ഇത് കൂടാതെ നേവിസിന്‍റെ കരളും കിഡ്ണിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു. ഫ്രാന്‍സില്‍ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയത്തെ ആശുപത്രിയില്‍വച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. കേരളത്തില്‍ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

facebook volgers kopen

Related Articles

Latest Articles