ദില്ലി: ലോകം മുഴുവൻ കൊവിഡ് ഭീതിയിലുള്ള സാഹചര്യത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. എന്നാൽ ഇതിനെ പാടെ തള്ളി കോൺഗ്രസ്. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയില്‍ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകിയത്.. ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്ററാണ് ഇന്നത്തെ ഭാരത് ജോഡോ യാത്ര. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്. കൊവിഡിന്‍റെ പേരില്‍ അനാവശ്യ ഭീതി പരത്തി ഭാരത് ജോഡോ യാത്ര നിര്‍ത്തി വയ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്നുള്ള മുൻകരുതൽ എടുക്കാനാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സാധ്യത ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു.

