Sunday, May 5, 2024
spot_img

സിൽവർ ലൈൻ: പൂർണവ്യക്തതയില്ല, കേന്ദ്രാനുമതിയുമില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ദില്ലി: സിൽവർ ലൈൻ പദ്ധതിയ്ക്ക് പൂർണ്ണമായ വ്യക്തത വരാതെ അനുമതി നൽകില്ലെന്ന് കേന്ദ്രം(Central Government On Silver Line). കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്. വിശദമായ ഡി.പി.ആര്‍ തയ്യാറാക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുളള അനുമതി അല്ലെന്ന് കേന്ദ്ര മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് ആശങ്കയുണ്ട്. പ്രാഥമിക അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനം നടത്തി വിശദമായ ഡി.പി.ആര്‍ തയ്യാറാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുകയോ കല്ലിടുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാറുമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കേരളത്തിൽനിന്നുള്ള എം.പിമാരോട് പറഞ്ഞു. ഇതിൽ കേന്ദ്രം അഭിപ്രായം പറയില്ല. ഹൈബി ഈഡൻ, ബെന്നി ബഹനാൻ തുടങ്ങിയവർ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായായിരുന്നു മന്ത്രിയുടെ പ്രതികരണം.

പരിസ്ഥിതി സംബന്ധമായ ഉത്കണ്ഠകൾ തികച്ചും ന്യായമാണ്. ഇപ്പോൾ രൂപകൽപന ചെയ്തിരിക്കുന്ന രീതിയിൽ നടപ്പാക്കിയാൽ കേരളത്തിൽ അതുണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ആഴം എന്താണെന്ന് ശരിക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. സാങ്കേതിക-സാമ്പത്തിക പ്രായോഗികത സംബന്ധിച്ച വിശദമായ പഠനത്തെ ആശ്രയിച്ചാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകുകയെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

അതോടൊപ്പം മണ്ണിന്റെ ഘടന പരിശോധിക്കണം. കാരണം, കേരളത്തിൽ നിലവിലുള്ള പാളങ്ങൾ ഓരോ വർഷവും താഴുന്നുണ്ടെന്നാണ് മെട്രോമാൻ ഇ. ശ്രീധരൻ തന്നോട് പറഞ്ഞത്. സാങ്കേതികമായി നിരവധി വിഷയങ്ങൾ ഉണ്ടെന്നാണ് അതിനർഥം. സങ്കീർണ വിഷയമാണിത്. വ്യവസ്ഥാപിതമായ രീതിയിൽ ഇത് കൈകാര്യം ചെയ്യാനാണ് താൽപര്യപ്പെടുന്നത്. 63,941 കോടി ചെലവു കണക്കാക്കുന്ന ഡി.പി.ആർ റെയിൽവേ മന്ത്രാലയം പരിശോധിച്ചു വരുകയാണ്. സാങ്കേതിക പ്രായോഗികത സംബന്ധിച്ച മതിയായ വിശദാംശങ്ങൾ അതിലില്ല. വിശദ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles