തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിതീവ്ര മഴ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം മഴ കിട്ടിയ മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ ജാഗ്രത വേണം. ഇവിടങ്ങളിൽ ഇന്ന് ഉച്ച കഴിഞ്ഞ് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കൂടാതെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതനുസരിച്ച് അടുത്ത ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്. നാളെ 11 ജില്ലകളിലും ഏഴാം തീയ്യതി ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഞായറാഴ്ച കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായി. 10 പേരടങ്ങിയ സംഘം വിനോദസഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അപകടം. അപകടത്തിൽ പെട്ടവരിൽ രണ്ട് പേർ മരിച്ചു. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി.

