കൊല്ലം: ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച 11 ശ്രീലങ്കൻ പൗരൻമാര്‍ കൊല്ലത്ത് പോലീസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം എന്നാണ് പോലീസ് നൽകുന്ന സൂചന. നിലവിൽ ഇവരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. തുടർന്ന് തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും ഇവർക്കായി അന്വേഷണം തുടങ്ങിയിരുന്നു. കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാര്‍ അറസ്റ്റിലായത്.
പിടിയിലായവരിൽ ആറ് പേര്‍ ട്രിച്ചിയിലെ ലങ്കൻ അഭയാര്‍ത്ഥി ക്യാപിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപിലും കഴിയുന്നവരാണ്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജൻ്റ എന്നാണ് വിവരം. കേരളത്തിലെത്തി തൻ്റെ മറ്റൊരു ഏജൻ്റിനെ കാണാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.

