Thursday, April 25, 2024
spot_img

സംസ്ഥാനത്ത് തീവ്രനിലപാടുള്ള മതഭീകര സംഘടനകൾ തഴച്ചുവളരുന്നു; എസ്ഡിപിഐയുടെ പ്രവർത്തനം അപകടകരമായ രീതിയിലെന്ന് മാസങ്ങൾക്ക് മുന്നേ ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ അപകടകരമായ രീതിയിലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും കൊലപാതകങ്ങൾ നടത്താനും എസ്ഡിപിഐ ബോധപൂർവ്വം ശ്രമിക്കുന്നതായാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ടിന് പിന്നാലെ എസ്ഡിപിഐയുടെ പ്രവർത്തനം വ്യാപിക്കുന്നത് ചർച്ച ചെയ്യാൻ ഒടുവിൽ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് വർഗ്ഗീയ സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാന ഇന്റലിജൻസ് സർക്കാരിന് കൈമാറിയത്. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്റലജിൻസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് എസ്ഡിപിഐയുടെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ അപകടകരമാണെന്ന് വ്യക്തമാക്കി വീണ്ടും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. വർഗ്ഗീയ വിദ്വേഷം വളർത്തുന്നതിന്റെ ഭാഗമായാണ് റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു.

എസ്ഡിപിഐ- പോപ്പുലർഫ്രണ്ടിനെയും നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിന് പിന്നീട് കനത്ത തിരിച്ചടിയാകുമെന്ന് കേന്ദ്ര ഇന്റലിജൻസും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിരിക്കുന്നത് . അടുത്ത മാസം 20 നാണ് യോഗം ചേരുക. സംസ്ഥാനത്ത് എസ്ഡിപിഐയുടെ പ്രവർത്തനം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗമെന്ന് സർക്കാരിന്റെ കുറിപ്പിൽ പറയുന്നു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഇന്റലിജൻസ് മേധാവി എന്നിവർ ആണ് യോഗത്തിൽ പങ്കെടുക്കുക. സംസ്ഥാനത്ത് തീവ്രനിലപാടുള്ള മതഭീകര സംഘടനകൾ തഴച്ചുവളരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗൗരവത്തോടെയാണ് കാണുന്നത്.

Related Articles

Latest Articles