വയനാട്: സുൽത്താൻ ബത്തേരിയിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ പതിമൂന്ന് പേർക്ക് പരിക്കേറ്റു. അൽഫോൺസാ ആർട്സ് ആന്‍റ് സയൻസ് കോളജിലാണ് ജൂനിയേഴ്സ് സീനിയേഴ്സ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. നിലവിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ ക്ലാസിൽ കയറി മൂന്നാം വർഷ വിദ്യാർത്ഥികൾ മർദിച്ചെന്നാണ് പരാതി. സംഘർഷത്തിൽ സാരമായി പരിക്കേറ്റ ഷിയാസ്, സിനാൻ എന്നിവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോൾഡറിനുമാണ് പരിക്കേറ്റത്. മറ്റുള്ളവർ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി.
രണ്ടാം വർഷ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ കുറച്ചു ദിവസങ്ങളായി തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇത് അധ്യാപകർ ഇടപെട്ട് പറഞ്ഞു തീർത്തെങ്കിലും ചില വാട്സ് ആപ്പ് മെസേജുകളുമായി ബന്ധപെട്ടാണ് സംഘർഷമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികളെ കോളേജ് സസ്പെന്‍റ് ചെയ്തു. വിഷയത്തിൽ ഉടൻ പി.ടി. എ മീറ്റിങ് ചേരാൻ തീരുമാനിച്ചതായും കോളജ് പ്രിൻസിപ്പാൾ അറിയിച്ചു.

