കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ വന്ന ഗൂഢാലോചന കേസുൾപ്പടെ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക. മുൻമന്ത്രി കെ ടി ജലീലിന്‍റെ പരാതിയെ തുടർന്ന് തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പോലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവിശ്യം.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള മറ്റ് പ്രമുഖർക്കുമുള്ള പങ്ക് വെളിപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണമാണ് ഈ കേസുകൾ എടുത്തതെന്നാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതിനാൽ രണ്ട് കേസുകളും റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവിശ്യം.
എന്നാൽ നിക്ഷിപ്ത താൽപ്പര്യത്തിന് വേണ്ടി തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്. കേസുകളുടെ അന്വേഷണം തുടരുന്ന ഈ സാഹചര്യത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

