ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. അഞ്ച് തീര്‍ഥാടകര്‍ മരിച്ചതായി സൂചന. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. മിന്നല്‍ പ്രളയത്തില്‍ നിരവധി ടെന്റുകള്‍ ഒലിച്ചുപോയി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റവരെ ചികില്‍സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. പഹല്‍ഗാം, ചന്ദന്‍വാരി, സോജി ലാ, ശേഷനാഗ്, പോഷ്പത്രി, പഞ്ചതര്‍ണി, സംഗം തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

