Monday, May 6, 2024
spot_img

ഒരു കാരണവശാലും പി എസ് സി റാങ്ക് പട്ടിക നീട്ടില്ലെന്ന് മുഖ്യമന്ത്രി; സെക്രട്ടറിയേറ്റിനു മുന്നിൽ മുടിമുറിച്ച് വനിതാ ഉദ്യോഗാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നാണ് മുഖ്യന്റെ ന്യായീകരണം. ഇക്കാര്യങ്ങളൊന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സർക്കാരിൽ നിന്നും അനുകൂല നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾ വീണ്ടും സമരരംഗത്തേയ്ക്കിറങ്ങിയിരിക്കുകയാണ്. സെക്രട്ടറിയേറ്റിനു മുന്നിൽ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. സെക്രട്ടറിയേറ്റിനു മുന്നിൽ മുടിമുറിച്ച് വനിതാ ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം പി എസ് സിയെ കരുവന്നൂർ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്നും അതിനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പിൽ എംഎൽഎ അഭിപ്രായപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരെ എന്തിനാണ് പി എസ് സി അപ്പീൽ പോയത്. അതിന് എന്തിനാണ് സർക്കാർ പിന്തുണ നൽകുന്നത്. സർക്കാർ ഉദ്യോ​ഗാർത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സർക്കാരിന് പിടിവാശിയാണെന്നും ഷാഫി ആരോപിച്ചു.

എന്നാൽ സർക്കാർ നൽകിയ 6 ഉറപ്പുകളെത്തുടർന്നാണ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ 34 ദിവസം നീണ്ട സമരം പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് നേരത്തെ സമരം അവസാനിപ്പിച്ചത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാൻ ഇനി വെറും ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതേസമയം എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടി‍ട്ടുണ്ടെങ്കിലും അതു സംബന്ധിച്ച് പിഎസ്‍സിക്ക് സർക്കാർ ഇതു വരെ ശുപാർശയും നൽകിയിട്ടില്ല. എന്നാൽ ഉദ്യോഗാർഥികളുടെ സമരം നടന്നുകൊണ്ടിരുന്ന സമയത്ത് സംസ്ഥാന സർക്കാർ നിരവധി വാഗ്ദാനങ്ങൾ ഇവർക്ക് നൽകിയിരുന്നു. ഇതൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതി ഉണ്ടാക്കിയെങ്കിലും ഇതിന്റെ പ്രയോജനം പൂർണമായി ലഭിച്ചിട്ടില്ല. സ്ഥാനക്കയറ്റം നൽകുന്നതിലൂടെ ഉണ്ടാകുന്ന പുതിയ ഒഴിവുകൾ പി‍എസ്‍സിയെ അറിയിക്കുമെന്ന് പറഞ്ഞെങ്കിലും ഇതിന്റെ പൂർണ്ണ ഗുണവും ആർക്കും ലഭിച്ചിട്ടില്ല. ഏതാനും ചില വകുപ്പുകളി‍ലൊഴികെ മിക്ക വകുപ്പുകളിലും സ്ഥാനക്കയറ്റം ഇനിയും നടപ്പായിട്ടില്ല എന്നതാണ് സത്യം.

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു ചെറുപ്പക്കാരാണു കേരളത്തിൽ സർക്കാർ ജോലി തേടി അലയുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ചു പഠിച്ച് പിഎസ്‌സി റാങ്ക് പട്ടികകളിൽ മുന്നിലെത്താൻ കഷ്ടപ്പെടുന്നവരെയും മുന്നിലെത്തിയിട്ടും നിയമനം കിട്ടുംമുൻപ് റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ച് നിരാശരാകുന്നവരെയും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, ‘പാർട്ടിക്കു വേണ്ടപ്പെട്ട’ ആയിരക്കണക്കിനു താൽക്കാലിക ജീവനക്കാരെ സുപ്രീംകോടതി വിധി കാറ്റിൽപറത്തി സ്ഥിരപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ് സംസ്ഥാന സർക്കാർ. അർഹതയ്ക്കനുസരിച്ചു തൊഴിൽ എന്നത് ഉദ്യോഗാർഥിയുടെ ന്യായമായ അവകാശമാണെന്ന തിരിച്ചറിവോടെ പ്രവർത്തിക്കേണ്ട ഭരണഘടനാ സംവിധാനമായ പിഎസ്‌സിയെത്തന്നെ നാണംകെടുത്തുന്നതാണ് ഇത്തരം പിൻവാതിൽ നിയമനങ്ങൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles