Saturday, May 18, 2024
spot_img

മരംമുറി ഉത്തരവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതെന്ന് ആവർത്തിച്ച് വിഡി സതീശൻ

തിരുവനന്തപുരം:മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറി തന്നെയാണ് ജലവിഭവ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയെന്നും എല്ലാ വിവരങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സതീശൻ ആരോപിച്ചു.

ജൂൺ 11 ന് മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും സംയുക്ത പരിശോധന നടന്നു. സെപ്റ്റംബർ 17 ന് നടന്ന സെക്രട്ടറി തല യോഗത്തിൽ മരംമുറിക്കാനുള്ള തീരുമാനമുണ്ടായി. ഈ തീരുമാനം ഒരു നോട്ടിലൂടെ കേരള സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം നവംബർ ഒന്നിന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റൂമിൽ വെച്ച് യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇല്ലെന്ന് പറഞ്ഞ അതിന്റെ മിനുറ്റ്സ് വനംമന്ത്രി നിയമസഭയിൽ വായിക്കുകയും ചെയ്തതാണ്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവിനെകുറിച്ചോ യോഗം നടന്നതിനെ കുറിച്ചോ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാദം സത്യമാണെങ്കിൽ തന്റെ വകുപ്പിൽ എന്ത് നടന്നുവെന്ന് അറിയാത്ത മന്ത്രി ആസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും സതീശൻ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറിലെ വിവാദ ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്നും മൗനത്തിലാണെന്നും സർക്കാരിന്റേത് മനപുർവ്വമായ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരംമുറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് ആവശ്യപ്പെട്ടു.

പ്രളയ മുന്നൊരുക്കത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് സി എ ജി റിപോർട്ടിൽ വിമർശനം ശരിയാണെന്നും കേരളത്തിലെ ഡാം മാനേജ്മെന്റിൽ സംസ്ഥാന സർക്കാരിന് പാളിച്ചയുണ്ടായെന്നും വിഡി സതീശൻ പറഞ്ഞു. പ്രളയത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടമായതിൽ സർക്കാരിന് പങ്കുണ്ട്. ഇതിൽ അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറായില്ല. കുറ്റക്കാരെ സർക്കാർ സംരക്ഷിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

Related Articles

Latest Articles