Saturday, May 18, 2024
spot_img

”സര്‍പ്രൈസുകള്‍ ഇവിടെ അവസാനിക്കുകയാണ്” മരക്കാര്‍ സിനിമ തിയേറ്ററിൽ തന്നെ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ

ഇന്ത്യൻ സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറമ്പികടലിന്റെ സിംഹം എന്ന ചിത്രം. എന്നാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപെട്ട് വലിയ വിവാദങ്ങളിലേക്കാണ് ഉണ്ടായത്. 200 കോടി ബജറ്റ് ചിത്രമായ മരക്കാർ തിയേറ്റർ റിലീസാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും കോവിഡ് സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ ഒടിടി റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വിവാദമായുണ്ടായത്.

എന്നാൽ കഴിഞ്ഞ ദിവസം ചിത്രം തിയേറ്റർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ മരക്കാര്‍ സിനിമയ്ക്ക് തിയേറ്റര്‍ റിലീസ് തന്നെ ലഭിച്ചതില്‍ തനിക്കും ടീമിനും അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് പ്രതികരണവുമായി താരമെത്തിയത്. മരക്കാര്‍ സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാന്‍ അര്‍ഹമായ സ്ഥലം തീയേറ്റര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

”സര്‍പ്രൈസുകള്‍ ഇവിടെ അവസാനിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ 2021 ഡിസംബര്‍ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഞങ്ങള്‍ക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്. അര്‍ഹമായ സ്ഥലത്ത് നിന്ന് സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം’- മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്. ഉപാധികളില്ലെതെയാണ് സിനിമ പ്രദര്‍ശിപ്പിക്കുക.

അതേസമയം മരക്കാര്‍ സിനിമ എടുക്കുന്നതിനുണ്ടായ സാമ്പത്തികമായ ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ചകളിലേക്ക് എത്തിച്ചതെങ്കിലും മലയാള സിനിമയുടെ നിലനില്‍പ്പിന് വേണ്ടിയും സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നാണ് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Related Articles

Latest Articles