Monday, May 6, 2024
spot_img

സവർക്കറും നെഹ്രുവും തമ്മിലുള്ള താരതമ്യം | മിലൻ കാ ഇതിഹാസ്, പരമ്പര – 38|സി. പി. കുട്ടനാടൻ

ഈ സമീപ കാലത്ത് സവർക്കറെയും നെഹ്രുവിനെയും താരതമ്യം ചെയ്തുകൊണ്ട് നിരവധി പൊയ്വാദങ്ങൾ നിറച്ച സാഹിത്യ സൃഷ്ടികൾ കാണാനിടയായി അതിനുള്ള മറുപടിയാണിത്. ഏവരും ഇത് ശ്രദ്ധാപൂർവം പഠിയ്ക്കും എന്ന് കരുതട്ടെ.

സവർക്കർ – നെഹ്‌റു താരതമ്യം എന്നത് നിസ്സാരമായ സംഗതിയാണ്. ആരംഭം മുതലുള്ള സംഗതികളിൽ നിന്നുമാരംഭിച്ചാൽ, 1883 മെയ് 28നാണ് വിനായക് ദാമോദർ റാവു സവർക്കർ ജനിച്ചത്. നെഹ്‌റു ജനിച്ചത് 1889 നവംബർ 14നും. അതായത് നെഹ്രുവിനേക്കാൾ ആറര വയസ് മുതിർന്ന ആളാണ് സവർക്കർ എന്ന് കാണാം.

Milan Ka Ithis, Series – 38|C. P. Kuttanadan

കൂടാതെ., നെഹ്രുവിൻ്റെ ജീവിത സാഹചര്യങ്ങളായിരുന്നില്ല സവർക്കറിനു നേരിടേണ്ടി വന്നിട്ടുള്ളത്. സവർക്കറുടെ കുടുംബം ഇടത്തരം മറാഠി കുടുംബമായിരുന്നു. എന്നാൽ മോത്തിലാൽ നെഹ്റുവിൻ്റെ സാമ്പത്തിക പശ്ചാത്തലം മെച്ചമായിരുന്നു. അതിനാൽ തന്നെ അദ്ധ്യാപകരെ വീട്ടിൽ വരുത്തിയാണ് തൻ്റെ മക്കളെ മോത്തിലാൽ വിദ്യ അഭ്യസിപ്പിച്ചിരുന്നത്. എന്നാൽ ദാമോദർ പന്ത് എന്ന സവർക്കറുടെ പിതാവിന് അതിനൊന്നുമുള്ള പാങ്ങുണ്ടായിരുന്നില്ല. അന്നത്തെ സാമാന്യ മറാഠക്കാരന് എന്ത് വിദ്യാഭ്യാസം പ്രാപ്തമാകുമായിരുന്നുവോ അത് സാവർക്കാർക്കും ലഭിച്ചു. പഠിച്ചപ്പോൾ വൃത്തിയായി പഠിച്ചു എന്നതാണ് സവർക്കർക്കുണ്ടായ മെച്ചം. പഠന കാലയളവിൽ (കൗമാരം) നെഹ്രുവിൻ്റെ തന്നെ പരാമർശത്തിൽ നോക്കിയാൽ ‘സംഭവ ബഹുലമല്ലാത്ത കുട്ടിക്കാലം’ എന്നതാണ്. പക്ഷെ സവർക്കറുടേത് അതായിരുന്നില്ല. ചാഫേക്കർ സഹോദരന്മാരുടെ ബലിദാനവും, സ്വാതന്ത്ര്യ സമരത്തിൻ്റെ നേർക്കാഴ്ചകളും, ബ്രിട്ടീഷ് ഭരണകൂടം നടത്തിയിരുന്ന ദൽഹി ദർബാറുമൊക്കെ സൃഷ്ടിയ്ക്കുന്ന ‘സംഭവ ബഹുലമായ’ സാഹചര്യത്തിൽ തന്നെ ജീവിയ്ക്കേണ്ടി വന്ന മനുഷ്യനാണ് സവർക്കർ.

Milan Ka Ithis, Series – 38|C. P. Kuttanadan

1899 നവംബറില്‍ ഉടലെടുത്ത “രാഷ്ട്രഭക്ത സമൂഹ“മെന്ന സംഘടനയുടെ നേതൃത്വത്തിൽ വിനായക റാവുവും സഹോദരന്മാരും അടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു. (ഇത് സംഭവിയ്ക്കുമ്പോൾ സവർക്കറിൻ്റെ പ്രായം 16 വയസ്സ്, നെഹ്രുവിൻ്റെ പ്രായം 10 വയസ്സ്). 1900 ജനുവരി 1ന് രാഷ്ട്രഭക്ത സമൂഹം എന്ന സംഘടനയുടെ പേര് മാറ്റി മിത്രമേള എന്ന പുതിയ സംഘടനയായി മാറി. അക്കാലത്ത് മഹാരാഷ്ട്രയിൽ പ്രവർത്തിച്ചിരുന്ന അത്തരം നിരവധി മേളങ്ങളിൽ (വിപ്ലവ സമൂഹം) ഒന്നായിരുന്ന ഇത്, സായുധ കലാപത്തിലൂടെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കണം എന്ന് കരുതിപ്പോന്നിരുന്ന സംഘടനകളായിരുന്നു ഇതെല്ലാം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നിരന്തരം ശല്യം ചെയ്ത ഒരു കൂട്ടം വിപ്ലവകാരികള്‍ ഇവിടെയാണ് സൃഷ്ടിക്കപ്പെട്ടത്.

ദാമോദർ സവർക്കർ തൻ്റെ 18ആം വയസിൽ (1901ൽ) യമുനാഭായ് എന്ന യുവതിയെ വിവാഹം കഴിച്ചു. വിരഹം മാത്രമുണ്ടായിരുന്ന ഒരു ദാമ്പത്യം ഇവിടെ ആരംഭിയ്ക്കപ്പെട്ടു. ഭാരതത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ കരാള ഹസ്തത്തിൽ നിന്നും ബലമായി മോചിപ്പിക്കണം എന്ന് ചിന്തിക്കുന്ന ഒരു വലിയപറ്റം യുവജന സമൂഹം അക്കാലത്ത് ഉയർന്നു വന്നിരുന്നു. അവയിലെല്ലാം തന്നെ മഹാരാഷ്ട്രയുടെയും ബംഗാളിൻ്റെയും ബൗദ്ധികവും കായികവുമായ ശക്തി നിറഞ്ഞു നിന്നിരുന്നു.

ദൽഹി ദർബാറിനെതിരെ പലയിടങ്ങളിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു. അത് വളരെയധികം മാസങ്ങൾ നീണ്ടു നടന്നുപോന്നു. അത്തരമൊരു പ്രതിഷേധ പ്രകടനം മിത്രമേളയുടെ നേതൃത്വത്തിൽ നാസിക്കിൽ നടത്തപ്പെട്ടു. 1904ല്‍ സവർക്കറുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ നടന്നത്. ഈ പ്രകടനത്തില്‍ വച്ച് മിത്രമേള എന്ന സംഘടന തങ്ങളുടെ പേര് “അഭിനവ ഭാരത്“ എന്നാക്കി മാറ്റി. (ഇത് സംഭവിയ്ക്കുമ്പോൾ സവർക്കറിൻ്റെ പ്രായം 21 വയസ്സ്, നെഹ്രുവിൻ്റെ പ്രായം 15 വയസ്സ്)

1905 ഒക്ടോബറിൽ സംഭവിച്ച ബംഗാൾ വിഭജനത്തിനെതിരായ സമരങ്ങളിൽ അഭിനവ ഭാരത് സംഘടന നിരവധി സമരങ്ങൾ നടത്തി. പൂനെയില്‍ വച്ച് സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രഥമ വിദേശ വസ്ത്ര ദഹനം നടന്നത് ഈയവസരത്തിലായിരുന്നു. (ഇത് സംഭവിയ്ക്കുമ്പോൾ സവർക്കറിൻ്റെ പ്രായം 22 വയസ്സ്, നെഹ്രുവിൻ്റെ പ്രായം 16 വയസ്സ്) നമ്മൾ ചിന്തിയ്ക്കേണ്ട വസ്തുത എന്തെന്നാൽ തൻ്റെ 16ആം വയസിലാണ് സവർക്കർ ശരിയ്ക്കും വിപ്ലവ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയതായി നമ്മൾ കണ്ടത് എന്നാൽ നെഹ്‌റു തൻ്റെ 16ആം വയസിൽ ഇംഗ്ലണ്ടിലെ ഹാരോ സ്‌കൂളിൽ പഠിയ്ക്കാൻ പോകുവാൻ കപ്പൽ കയറി.

1906ല്‍ തൻ്റെ 23ആം വയസിൽ സവര്‍ക്കര്‍ ബി. എ പാസ്സായി. ബ്രിട്ടീഷുകാർക്കെതിരായി പൊരുതുവാൻ വിദ്യാഭ്യാസ പുരോഗതി ആവശ്യമാണെന്നതിനാൽ പഠനത്തിൽ മികവ് പുലർത്തിയിരുന്ന സവർക്കറെ ലണ്ടനിൽ വിട്ടു ബാരിസ്റ്ററാക്കുവാൻ അഭിനവ് ഭാരത് സംഘടന തീരുമാനിച്ചു. സഹോദരൻ ഗണേഷ് സവർക്കറും കഷ്ടപ്പെട്ട് കാശ് മുടക്കാൻ തയ്യാറായി. മാത്രമല്ല ലണ്ടനിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തുവാനായിരുന്നു സവർക്കറെ അഭിനവ് ഭാരത് ചുമതലപ്പെടുത്തിയിരുന്നത്. അങ്ങനെ 23 വയസുകാരൻ സവർക്കർ ലണ്ടനിലെത്തി. ഇതേസമയം 17 വയസുകാരൻ നെഹ്രുവും ലണ്ടനിലുണ്ട് എന്ന കാര്യം നാം മറക്കരുത്.

Milan Ka Ithis, Series – 38|C. P. Kuttanadan

അന്നത്തെ ഇന്ത്യന്‍ വിപ്ലവകാരികളുടെ കേന്ദ്രമായിരുന്ന ശ്യാംജി കൃഷ്ണ വര്‍മ്മയുടെ ഇന്ത്യാഹൌസ് എന്ന വീട്ടിൽ താമസിച്ചുകൊണ്ട് സവര്‍ക്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുള്ള പ്രവർത്തനങ്ങൾ ചെയ്തു. നിരവധി ധീര ദേശാഭിമാനികളെ വാർത്തെടുത്തത് അവിടെവച്ചാണ്. ഇത് വിശദീകരിയ്ക്കാൻ തുടങ്ങിയാൽ നിരവധി സംഭവങ്ങളുണ്ട്. സേനാപതി ബാപത് എന്നറിയപ്പെട്ടിരുന്ന പാണ്ഡുരംഗ് മഹാദേവ് ബാപത്, മദൻലാൽ ധിംഗ്ര, മാഡം ബിക്കാജി കാമ എന്നിവരെ പ്രഭാവിതരാക്കിയത് സവർക്കറാണ്. പ്രവാസി ഇന്ത്യക്കാരുടെ ഇടയിൽ പ്രശസ്തനായിരുന്ന മോഹൻ ദാസ് കരം ചന്ദ് ഗാന്ധി, ഗാന്ധിജി എന്നറിയപ്പെടുന്നതിന് മുമ്പ് ലണ്ടനിലെത്തി സവർക്കറുമായി ഇടപെട്ടതിൻ്റെ ചരിത്രമുണ്ട്. ഇതെല്ലാം ഒരുപാടുള്ളതിനാൽ നമുക്ക് നെഹ്‌റുവിലേയ്ക്ക് മടങ്ങാം.

പഠിയ്ക്കാൻ പോയാൽ പഠിയ്ക്കണം അല്ലാതെ സവർക്കറിനെയും മറ്റു തലതെറിച്ചവന്മാരെയും കൂട്ട് സ്വാതന്ത്യ സമരം നടത്താനൊന്നും നമ്മുടെ മോത്തിലാലിൻ്റെ മോൻ പോയില്ല. നല്ല അന്തസ്സായി പഠിച്ചു. സവർക്കറൊക്കെ പോലീസിൻ്റെ നിരീക്ഷണത്തിൽ കഴിയേണ്ട അവസ്ഥ വന്നപ്പോഴും നെഹ്‌റുവിന് യാതൊരു പ്രശ്നവും ഉണ്ടായില്ല. കാരണം ഏതെങ്കിലും ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനം ചെയ്താലല്ലേ പോലീസിൻ്റെ കണ്ണിൽ പെടേണ്ടിവരൂ. അത് ചെയ്യാൻ നെഹ്‌റു ഇനി വേറെ ജനിയ്ക്കണം.

ഈ കാലയളവിൽ സവർക്കറുടെ നിയമപഠനം മികച്ച മാർക്കോടെ പൂർത്തിയായി. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന, ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഘ്യാപിക്കുന്ന, ‘ഓത്ത് ഓഫ് അലീജിയന്‍സ്’ എന്ന പ്രതിജ്ഞ എടുക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. എന്നാൽ ‘ഓത്ത് ഓഫ് അലീജിയന്‍സ്’ പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിൻ്റെ പേരില്‍, ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഭാരതീയനായി മാറാനുള്ള അവസരം തിരഞ്ഞെടുത്തുകൊണ്ട് വിനായക ദാമോദര സവര്‍ക്കര്‍ സ്വാതന്ത്ര്യ ദാഹികൾക്ക് മാതൃകയായി. എന്നാൽ നമ്മുടെ നെഹ്‌റു ഈ പ്രതിജ്ഞയും ചെയ്ത് മാന്യനായി നടന്നു. നമ്മുടെ ഗാന്ധിജിയടക്കം ഈ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

നാസിക് കളക്ടറായിരുന്ന ജാക്സൺ സായിപ്പിനെ 1909 ഡിസംബർ 21ന് അഭിനവ് ഭാരത് പ്രവർത്തകരായ അനന്ത ലക്ഷ്മൺ കാൻഹരെ, കൃഷ്ണാജി കാർവെ, വിനായകറാവു ദേശ്പാണ്ഡെ എന്നിവർ ചേർന്ന് വെടിവച്ചുകൊന്നു. ഇവരെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചു പ്രഭാവിതരാക്കിയത് നിലവിൽ ബ്രിട്ടനിലുള്ള സവർക്കർ ആണെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് ബോദ്ധ്യപ്പെട്ടു. ഈ 3 പേരെയും ബ്രിട്ടീഷുകാർ തൂക്കിലേറ്റി. സവർക്കറിനായി ഇംഗ്ലണ്ടിൽ വലവീശി. (ഇത് സംഭവിയ്ക്കുമ്പോൾ സവർക്കറിൻ്റെ പ്രായം 26 വയസ്സ്, നെഹ്രുവിൻ്റെ പ്രായം 20 വയസ്സ്)

ഒടുവിൽ സവർക്കറെ പോലീസ് പിടികൂടി ഇന്ത്യയിലെത്തിച്ചു. തുടർന്ന് ഈ കേസിൽ സർക്കറിനെയും സഹോദരനെയും 25 വർഷത്തെ രണ്ടു കഠിന തടവ് ശിക്ഷകൾക്ക് 1911 ഏപ്രിൽ 8ന് ബ്രിട്ടീഷ് ഭരണകൂടം വിധിച്ച് 1911 ജൂലായ് 4ന് ആൻഡമാനിൽ സെല്ലുലാർ ജയിലിൽ (കാലാപാനി) അടച്ചു. സവർക്കർ ജയിലിൽ പോകുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് പ്രായം. നെഹ്‌റുവിന് 22 വയസ് പ്രായം. സവർക്കർ 22 ആം വയസിൽ ചെയ്തു കൂട്ടിയതിൻ്റെ 1% പോലും ചെയ്യാൻ നെഹ്രുവിന്‌ കഴിഞ്ഞിട്ടില്ല. അങ്ങേർക്ക് അതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല.

നിലവിലെ സന്ദർഭത്തിൽ സവർക്കർ ജയിലിലാണ്. ആൻഡമാനിലെ സെല്ലുലാർ ജയിൽ ഡീക്കമ്മീഷൻ ചെയ്യാനായി 1921ൽ ബ്രിട്ടീഷുകാർ തീരുമാനിയ്ക്കും വരെയുള്ള 10 വർഷക്കാലം നിരവധി ത്യാഗങ്ങൾ സഹിച്ച് പീഢനങ്ങൾ ഏറ്റുവാങ്ങി സവർക്കർ എന്നാൽ 1911നും 1921നും ഇടയിൽ നമ്മുടെ നല്ലകുഞ്ഞു നെഹ്റു എന്തൊക്കെ അനുഭവിച്ചു എന്ന് നോക്കാം.

നെഹ്രുവിൻ്റെ 23ആം വയസിൽ 1912ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയിൽ മടങ്ങിയെത്തി. അതിന് മുമ്പ് യൂറോപ്പിലെമ്പാടും ടൂർ അടിച്ചു രസിച്ചു നെഹ്‌റുക്കുഞ്. ഇന്ന് കോൺഗ്രസുകാരൻ ആക്ഷേപിയ്ക്കുന്ന സവർക്കർ ജയിലിൽ കിടക്കുമ്പോൾ ജീവിതം ആസ്വാദ്യകരമാക്കുകയായിരുന്നു നെഹ്രുച്ചേട്ടൻ.

1912ന് ശേഷം നെഹ്‌റു സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. ഹോംറൂൾ പ്രസ്ഥാനത്തോട് യോജിച്ച് പ്രവർത്തിച്ചിരുന്നു. 1916ൽ തൻ്റെ 27ആം വയസിൽ കമല എന്ന യുവതിയെ നെഹ്‌റു വിവാഹം ചെയ്തു. കെട്ടിയ പെണ്ണിൻ്റെ തോരാത്ത കണ്ണീരിനും ത്യാഗത്തിനും സഹനത്തിനും നടുവിൽ സവർക്കർ ജയിലിലും. സവർക്കർ ജയിലിൽ കിടക്കുമ്പോൾ താനെന്തിനാടോ നെഹ്‌റു പെണ്ണ് കെട്ടിയത് എന്നുള്ള വിഡ്ഢിച്ചോദ്യം ഞാൻ ചോദിച്ചു എന്ന് ആരും വളച്ചൊടിച്ചെടുക്കേണ്ട. വാസ്തവം പറഞ്ഞു എന്ന് മാത്രം. 1916 ൽ തന്നെയാണ് നെഹ്രുവും ഗാന്ധിജിയുമൊക്കെ ഒരുമിച്ചു പ്രവർത്തിയ്ക്കുന്നത്.

1923ലാണ് ആദ്യമായി നെഹ്‌റു ജയിലിൽ അടയ്ക്കപ്പെടുന്നത് 6 മാസമേ കിടന്നുള്ളു. ഏറ്റവും അവസാനമായി നെഹ്‌റു ജയിൽ ശിക്ഷയ്ക്ക് വിധേയനാകുന്നത് 1940ൽ ആയിരുന്നു. ഇങ്ങനെ പലപ്പോഴായി മൊത്തത്തിൽ 9 തവണ നെഹ്‌റു ജയിലിൽ കിടന്നിട്ടുണ്ട് എന്ന് കോൺഗ്രസ്സുകാർ പറയുന്നത് കേൾക്കാം. അവർ പറയുന്നത് വാസ്തവമാണെങ്കിൽ എല്ലാം കൂടെ ചേർത്ത് ഏകദേശം 9 വർഷം നെഹ്‌റു അകത്തായിരുന്നു. എന്നാൽ ഒരു വ്യത്യാസമെന്തെന്നാൽ സവർക്കർ കിടന്നതുപോലുള്ള നരകമായ ജയിൽ ജീവിതമായിരുന്നില്ല നെഹ്‌റുവിനെ കാത്തിരുന്നത്. വായിക്കാൻ പുസ്തകങ്ങൾ, കിടന്നുറങ്ങാൻ മേത്ത, മാന്യമായ ആഹാരം, സുകുമാര കലകൾ ആസ്വദിയ്ക്കാനുള്ള അവസരം, ചുരുക്കം പറഞ്ഞാൽ അക്കാലത്ത് പുറത്തിറങ്ങി നടക്കുന്നവർ കൊതിച്ചു പോകുന്ന ജീവിതമായിരുന്നു നെഹ്രുവിൻ്റെ ജയിൽ ജീവിതം.

1921 മെയ് 2 മുതൽ രത്നഗിരി ജയിലിൽ ആയിരുന്നു സവർക്കറുടെ തടവ് ജീവിതം. ഈ തടവ് കാലം പൊതുജനങ്ങളിൽ വളരെയധികം സഹതാപ തരംഗങ്ങൾ ഉണ്ടാക്കി. ഒടുവിൽ ഉപാധികളോടെ സവർക്കറെ വീട്ടുതടങ്കലിൽ പാർപ്പിയ്ക്കാൻ ബ്രിട്ടീഷുകാർ സമ്മതിച്ചു. 1924 ജനുവരി 6ന് രത്നഗിരി ജയിലിൽ നിന്നും സവർക്കർ മോചിതനായി വീട്ടു തടങ്കലിൽ പ്രവേശിയ്ക്കുമ്പോൾ ഇതുവരേയ്ക്കും 13 വർഷത്തെ ജയിൽവാസം സവർക്കർ അനുഭവിച്ചു കഴിഞ്ഞിരുന്നു. രത്നഗിരി ജില്ല വിട്ടു പോകുവാൻ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ചിന്തിച്ചാൽ കൂടെ വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടിവരുമായിരുന്നു. അതിനാൽ തന്നെ ഇക്കാലഘട്ടങ്ങളിലുണ്ടായ മുസ്ലീങ്ങളുടെ ദ്വിരാഷ്ട്രവാദത്തെ കേൾക്കുവാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. പ്രതികരിയ്ക്കാൻ സാധിച്ചില്ല.

ഒടുവിൽ 1937 മെയ് 10ന് സവർക്കറെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ച് സ്വതന്ത്രനാക്കാൻ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. 1910ൽ ബ്രിട്ടീഷുകാർ ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്യുമ്പോൾ സവർക്കറുടെ പ്രായം 27 വയസായിരുന്നു. നീണ്ട 26 വർഷം ബന്ധനത്തിൻ്റെ തടവറയിൽ കിടക്കാനായിരുന്നു അദ്ദേഹത്തിൻ്റെ വിധി. 10 വർഷങ്ങൾ ആൻഡമാൻ ജയിലിലും, 3 വർഷങ്ങൾ പൂണെ ജയിലിലും, 13 വർഷങ്ങൾ വീട്ട് തടങ്കലിലും കഴിയേണ്ടിവന്ന സവർക്കറുടെ ഗതികേട് ഭാരതത്തിലെ മറ്റൊരു സ്വാതന്ത്ര്യ സമര പോരാളിയും അനുഭവിച്ചിട്ടുണ്ടെന്ന് ഞാൻ നടത്തിയ ചരിത്ര പഠനത്തിൽ മനസിലാക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ തൻ്റെ 53ആം വയസിൽ സവർക്കർ ജയിൽ മോചിതനായി. മുമ്പ് വഴി പിരിഞ്ഞ നാരായൺ സവർക്കറിനെ സവർക്കർ സഹോദരന്മാർ 26 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. സ്വാതന്ത്ര്യ ദാഹത്തിനായി തൻ്റെ യവ്വനം ജയിലിൽ ഹോമിച്ച സവർക്കറെ ബഹുമാനിയ്ക്കാൻ മാത്രമേ എനിയ്ക്ക് സാധിയ്ക്കൂ. ഒരു ഘട്ടത്തിലും അദ്ദേഹത്തെ ഇകഴ്ത്താൻ മനസു വരില്ല. കാരണം സമയത്തിൻ്റെ വില ഞാൻ മനസിലാക്കുന്നു.

ഒരു കാര്യം മാത്രമേ എനിയ്ക്കിനി കൂട്ടിച്ചേർക്കുവാനുള്ളൂ. നെഹ്രുവിനെപോലെ അടങ്ങിയൊതുങ്ങി അവനവൻ്റെ കാര്യം മാത്രം നോക്കി പഠിച്ചു പാസായിരുന്നെങ്കിൽ സവർക്കറിന് ഈ ഗതികേട് വരില്ലായിരുന്നു. എന്തായാലും മറ്റുള്ളവരുടെ പ്രവർത്തനങ്ങളുടെ ആത്യന്തിക ഭോക്താവ്‌ നെഹ്രുവായിരുന്നു. അങ്ങനെ നെഹ്‌റു പ്രഥമ പ്രധാനമന്ത്രിയായി, ജയിലിൽ നരക തുല്യ ജീവിതം നയിച്ച സവർക്കർ ഷൂ നക്കി എന്ന വിളിപ്പേരും വാങ്ങി നന്ദികെട്ട ഈ സമൂഹത്തിൽ അറിയപ്പെട്ടു.

തുടരും….

Related Articles

Latest Articles