Sunday, May 5, 2024
spot_img

രാഷ്ട്രീയ- സാമ്പത്തിക സ്വാധീനമില്ലാത്ത ഒരാള്‍ക്ക് ഇന്നും നമ്മുടെ പൊലീസ് സ്റ്റേഷനുകളെ സമീപിക്കാന്‍ ഭയമുള്ളതെന്ത് കൊണ്ട്? ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാർക്കെതിരെ (Kerala Police) പലപ്പോഴായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപന സമയത്ത് പോലും സാധാരണക്കാർക്ക് നേരെ എല്ലാ പോലീസുകാരുമല്ലെങ്കിലും പലരും വളരെ മോശമായാണ് ഇടപെട്ടത്. പലപ്പോഴും മനസാക്ഷിയെപോലും മരവിപ്പിക്കുന്ന സംഭവങ്ങളും പോലീസുകാർക്കെതിരെ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ആലുവയിലെ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് പോലും ഇത്തരത്തിൽ ഒരു പോലീസുകാരന്റെ സമീപനമായിരുന്നു. എന്നാലിതാ ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. പ്രമുഖ മീഡിയ കൺസൽട്ടൻറ് ശ്രീകുമാർ മനയിൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയായിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഒരിക്കലെങ്കിലും നമ്മുടെ പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങിയ സാധാരണക്കാരന് പിന്നെ ജീവിക്കണ്ടാ എന്ന് തോന്നുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അപൂര്‍വ്വം ചിലര്‍ ഒഴികെ ഏതാണ്ട് ഭൂരിഭാഗം പൊലീസ് ഓഫീസര്‍മാരും ഒരു വിധത്തില്‍ അല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ആലുവ സി ഐ സുധീറിനെപ്പോലുളളവരായിതീരുന്നത് എന്ത് കൊണ്ടാണ്? ഒരു രാഷ്ട്രീയ- സാമ്പത്തിക- സാമുദായിക സ്വാധീനമില്ലാത്ത ഒരാള്‍ക്ക് ഇന്നും നമ്മുടെ പൊലീസ് സ്റ്റേഷനുകളെ സമീപിക്കാന്‍ ഭയമുള്ളതെന്ത് കൊണ്ട്? നിരവധി പൊലീസ്- സിവില്‍ ഭരണ പരിഷ്‌കാര കമ്മീഷനുകള്‍ കോടികള്‍ മുടിപ്പിച്ച് കടന്ന് പോയിട്ടും പൊലീസ് സ്റ്റേഷന്‍ കുറ്റവാളികള്‍ക്കുള്ളതാണ് എന്ന കൊളോണിയല്‍ സങ്കല്‍പ്പത്തിന് ഇളക്കം തട്ടാതിരിക്കുന്നത് എന്ത് കൊണ്ട്?

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം വളരെ ചെറുതാണ്. പൊലീസ് മാറണമെന്ന് ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ആകമാനം അങ്ങിനെ തന്നെയാണ്. കാരണം ഭരിക്കുന്നവര്‍ക്ക് ( എന്ന് വച്ചാല്‍ ഭരണത്തിലേറുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ) എളുപ്പത്തില്‍ സമൂഹത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയുക പൊലീസിനെ ഉപയോഗിച്ച് കൊണ്ടാണ്. അത് കൊണ്ടാണ് ഇന്നും ആഭ്യന്തരം ഏത് പാര്‍ട്ടിക്കാണോ ആ പാര്‍ട്ടിക്ക് ഭരണത്തില്‍ ഉയര്‍ന്ന സ്വാധീനമുണ്ടാകുന്നത്. മുഖ്യമന്ത്രി തന്നെ ആഭ്യന്തര എടുക്കണമെന്ന് വാശിപിടിക്കുന്നതും, മുഖ്യമന്ത്രി സ്ഥാനമല്ലങ്കില്‍ ആഭ്യന്തരം വേണമെന്ന ആവശ്യം മന്ത്രി സഭാ രൂപീകരണ വേളകളില്‍ ഉയരുന്നതും അത് കൊണ്ടാണ്.

പൊലീസ് റിഫോംസ് റിപ്പോര്‍ട്ടുകള്‍ എത്രയോ തവണ ഈ രാജ്യത്തുണ്ടായി? എനിക്കു തോന്നത് ഇന്ത്യ സ്വതന്ത്ര്യയായ കാലം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന വാക്കാണ് പൊലീസ് റിഫോംസ്, അഥവാ പൊലീസിന്റെ പരിഷ്‌കരണം നവീകരണം എന്നൊക്കെ. എന്നാല്‍ കഴിഞ്ഞ 160 വര്‍ഷമായി ഇന്ത്യയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതിരിക്കുന്ന ഏക സംവിധാനവും പൊലീസ് തന്നെയാണ്.
സിവില്‍ പൊലീസ് എന്നൊരു സംവിധാനം നമ്മുടെ രാജ്യത്തില്ല, ( സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ ഉണ്ടെങ്കിലും ) സ്റ്റേഷനിലിരിക്കുന്നതും, ആംഡ് ബറ്റാലിയിന്‍ യൂണിറ്റുകളില്‍ ഇരിക്കുന്നതും ഒരേ തരത്തിലുള്ള പരിശീലനം ലഭിച്ചവരാണ്. ലാത്തിചാര്‍ജ്ജ് നടത്തേണ്ടതും വെടിവയ്‌കേണ്ടതും, കുഞ്ഞിനെ കാണാനില്ലന്ന പരാതിയുമായി വരുന്ന അമ്മയെ സമാധാനിപ്പിക്കേണ്ടതും, ആത്മഹത്യ ഭീഷണി മുഴുക്കുന്നവനെ അനുനയിപ്പിക്കേണ്ടതും ഒരേ പരീശീലനം ലഭിച്ച, ഒരേ സ്വാഭാവവും കാഴ്ചപ്പാടുമുള്ള പൊലീസ് ഉദ്യേഗസ്ഥര്‍ തന്നെയാണ്. ക്രമസമാധാന പാലനത്തിന് ഉപയോഗിക്കുന്ന അതേ പൊലീസ് സംവിധാനത്തെ തന്നെ സമൂഹത്തിലെ പൗരന്‍മാര്‍ നേരിടുന്ന കുടുംബപരവും, മാനിസകവുമായ പ്രശ്‌നങ്ങളെ കേട്ടു മനസിലാക്കി അതിന് നിയമപരവും അല്ലാതെയുമായുള്ള വഴികളൂടെ പരിഹാരം കാണാന്‍ നിയോഗിക്കുമ്പോള്‍ ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്.

ഒരു തല്ല് കേസോ കുത്തുകേസോ മയക്ക് മരുന്ന് കേസോ ക്വട്ടേഷന്‍ കേസോ കൈകാര്യം ചെയ്യുന്ന അതേ മനസ് കൊണ്ട്് ഗാര്‍ഹിക പീഡനക്കേസുമായി വരുന്ന ഒരുപെണ്‍കുട്ടിയെ അല്ലങ്കില്‍ ലൈംഗീകമായോ മാനസികമായോ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് കൊണ്ടുളള പരാതിയുമായി വരുന്ന പെന്‍കുട്ടിയോട് ഇടപഴകരുത്. അത്തരത്തില്‍ സംഭവിക്കുമ്പോഴാണ് ആലുവയിലെ കഴിഞ്ഞ ദിവസം ഉണ്ടായപോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ഒരു പക്ഷെ ആലുവ സി ഐ സൂധീര്‍ കുറച്ച് കൂടി പക്വതയോടെ പെരുമാറിയിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ജീവനോടെ ഇരിക്കുമായിരുന്നേനെ, അല്ലങ്കില്‍ അങ്ങിനെ അനുമാനിക്കാം, തകര്‍ന്ന മനസുമായി വരുന്ന ഒരു പെണ്‍കുട്ടിക്ക് മേല്‍ തന്റെ അധികാരം പ്രയോഗിക്കാനാണ് ഒരു പോലീസ് ഉദ്യേഗസ്ഥന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിന് വളരെ വിപരീതമായ ഫലംമാത്രമെ ഉണ്ടാക്കുകയുളളു.

2014 ബാച്ചില്‍ സബ് ഇന്‍സപ്കടര്‍മാരായി പൊലീസില്‍ കയറിയവരെക്കുറിച്ച് നിരന്തരമായി പരാതികള്‍ ഇത്തരത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട് ( ഈ ഉദ്യോഗസ്ഥന്‍ ആ ബാച്ച് കാരനാണോ എന്നെനിക്കറിയില്ല) കാരണം ഈ ബാച്ചുകാരുടെ അപേക്ഷ ക്ഷണിക്കലും, പരീക്ഷയും പരിശീനവും എല്ലാം പൂര്‍ത്തിയാകാന്‍ ഏതാണ്ട് പത്ത് വര്‍ഷം എടുത്തുവെന്നാണ് പറയുന്നത്. പലരും 35 വയസൊക്ക കഴിഞ്ഞതിന് ശേഷം പൊലീസില്‍ കയറിയവരാണ്. അതിന് മുമ്പ് അവര്‍ സമൂഹത്തില്‍ എന്ത് ജൊലികളാണ് ചെയ്തതെന്ന് നമുക്കാര്‍ക്കും അറിയില്ല. കേന്ദ്ര സേനകളിലേ ഓഫീസര്‍മാരുടെ തിരഞ്ഞെടുപ്പ്‌പോലെ എഴുത്ത് പരീക്ഷക്കും മനശാസ്ത്ര വിശകലനത്തിനും കായിക ക്ഷമതക്കും തുല്യ പ്രധാന്യം നല്‍കിക്കൊണ്ടുള്ള തിരഞ്ഞെടുക്കല്‍ രീതി പൊലീസ് സബ് ഇന്‍സ്പക്ടര്‍മാരുടെ കാര്യത്തിലും വേണം. കാരണം സബ് ഇന്‍സ്പകര്‍ മുതല്‍ ഡി വൈ എസ് പി – അസി. കമ്മീഷണര്‍ വരെയുള്ളവരാണ് പൊലീസ് സംവിധാനത്തിന്റെ നട്ടെല്ല്്, ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നതും, പൊലീസ് സംവിധാനത്തെ മൊത്തത്തില്‍ ചലിപ്പിക്കുന്നതും അവരാണ്. സബ് ഇന്‍സ്പ്ക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ മെന്റെല്‍ എബിലിറ്റി ടെസ്റ്റിന് വലിയ പ്രാധാന്യം കൊടുക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.

ലൊക്കപ്പ് മര്‍ദ്ദനം അതിക്രൂരമായ മനുഷ്യാവകാശലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞത് എന്ത് കൊണ്ടാണ്? രക്ഷിക്കാന്‍ കടപ്പെട്ടവനാണ്, സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ് അവിടെ കൊലയാളിയായി മാറുന്നത്് എന്നത് കൊണ്ടാണ്. അത് പൊലെ തന്നെയാണ് പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കയറിയിറങ്ങുന്ന സാധാരണക്കാരുടെ കാര്യവും, ആലുവയിലെ പെണ്‍കുട്ടിയുമായി സംസാരിക്കുമ്പോള്‍ അല്‍പ്പം പക്വതയുള്ള രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരെ ആ പെണ്‍കുട്ടിയുടെ കൂടെ നിര്‍ത്താന്‍ സി ഐ ശ്രദ്ധിക്കണമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ ചെറിയ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഇവിടെ സംഭവിച്ചതും ഒരു പക്ഷെ അത്തരത്തിലായിരിക്കാം. ഒരോ ദുരന്തങ്ങള്‍ കഴിയുമ്പോഴും ഇതെല്ലാം അവസാനത്തേതാകണം എന്നാണ് നമ്മള്‍ ആ്ഗ്രഹിക്കാറ്, ഇതിലും അങ്ങിനെ തന്നെ ആഗ്രഹിക്കാം…

Related Articles

Latest Articles